സിറിയയില്‍ വ്യോമാക്രമണം; 47 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ ദമസ്‌കസിനു സമീപം ദൗമയില്‍ ഒരു കമ്പോളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 47പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ നടത്തിയ ആക്രമണത്തില്‍ 140ഓളം പേര്‍ക്കു പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണസംഘം അറിയിച്ചു. പ്രതിപക്ഷ വിമതര്‍ക്കു സ്വാധീനമുള്ള മേഖലയാണ് ദൗമ. ഒരാഴ്ചയായി മേഖലയില്‍ സര്‍ക്കാരിന്റെ ആക്രമണങ്ങള്‍ തുടരുകയാണ്. ജനവാസകേന്ദ്രമായ ഇവിടെ സൈന്യത്തിന്റെയോ ശത്രുസേനകളുടെയോ സാന്നിധ്യമില്ല. സിവിലിയന്‍മാര്‍ മാത്രമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും സംഘടന അറിയിച്ചു.
കര്‍ഷകര്‍ സ്ഥിരമായി ആശ്രയിക്കുന്ന കമ്പോളത്തിനു നേര്‍ക്കാണ് ഇന്നലെ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളായി എല്ലാ 10 മിനിറ്റിലും ഇവിടെ വ്യോമാക്രമണം നടക്കുന്നതായി ഒരു നാട്ടുകാരന്‍ പറഞ്ഞു. ഇപ്പോഴും റോക്കറ്റ് ആക്രമണങ്ങളും മോര്‍ട്ടാര്‍ ആക്രമണങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ദൗമയില്‍ സര്‍ക്കാര്‍ സൈന്യം ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.
സിറിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിയന്നയില്‍ കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ് പുതിയ ആക്രമണം. യുഎസ്, റഷ്യ, ഇറാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിരാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്.
ബ്രിട്ടന്‍, ഈജിപ്ത്, ഫ്രാന്‍സ്, ഖത്തര്‍, ജര്‍മനി, ഇറ്റലി, ജോര്‍ദാന്‍, ചൈന, യുഎഇ, ഒമാന്‍, ലബ്‌നാന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവയുടെ പ്രതിനിധികളും യുഎസ് സറ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നേതൃത്വം നല്‍കുന്ന ചര്‍ച്ചയില്‍ പങ്കുചേരും.
Next Story

RELATED STORIES

Share it