സിറിയയില്‍ വെടിനിര്‍ത്തല്‍ ഇന്ന് അര്‍ധരാത്രിയോടെ

ദമസ്‌കസ്: സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് പ്രതിപക്ഷവും തയ്യാറായതോടെ ഇന്ന് അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ചത്തേക്കുള്ള വെടിനിര്‍ത്തലിനാണ് പ്രതിപക്ഷം തയ്യാറായിരിക്കുന്നത്.
യുഎസ്-റഷ്യ വെടിനിര്‍ത്തല്‍ ധാരണയോട് എതിര്‍പക്ഷത്തിന് എത്രത്തോളം പ്രതിബദ്ധതയുണ്ടെന്ന് പരീക്ഷിക്കാനായിരിക്കും വെടിനിര്‍ത്തലെന്നും പ്രതിപക്ഷം അറിയിച്ചു. സിറിയന്‍ സര്‍ക്കാരും വിമതസംഘടനകളും തമ്മിലുള്ള വെടിനിര്‍ത്തലിന് യുഎസും റഷ്യയും നേരത്തേ ധാരണയിലെത്തിയിരുന്നു. ഐഎസും അല്‍ നുസ്ര ഫ്രണ്ടും ഒഴികെയുള്ള സംഘടനകളുടെ കാര്യത്തിലാണ് ധാരണയുണ്ടാക്കിയത്. വെടിനിര്‍ത്തലിന് തയ്യാറെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അറിയിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനവും ഉണ്ടായത്.
ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ പരിഹാരമെന്ന നിലയിലാണ് അസദ് വെടിനിര്‍ത്തലിനെ കാണുന്നതെന്ന് റഷ്യ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് റഷ്യ സൗദി അറേബ്യയുമായും ഇറാനുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. നടപടിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്വാഗതം ചെയ്തിരുന്നു. സിറിയയില്‍ റഷ്യ അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുമ്പോള്‍, പ്രതിപക്ഷത്തെയും വിമതവിഭാഗങ്ങളേയുമാണ് സൗദി പിന്തുണയ്ക്കുന്നത്. സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കൂ എന്നാണ് വിമതരുടെ നിലപാട്.
Next Story

RELATED STORIES

Share it