സിറിയയില്‍ രണ്ടരലക്ഷം കുഞ്ഞുങ്ങള്‍ ഇപ്പോഴും പട്ടിണിയില്‍

ദമസ്‌കസ്: രാജ്യത്ത് വെടിനിര്‍ത്തല്‍ നിലവില്‍വന്നിട്ടും രണ്ടര ലക്ഷം സിറിയന്‍ കുഞ്ഞുങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ സേവ് ദ ചില്‍ഡ്രന്‍. രാജ്യത്തെ 18 ഇടങ്ങളിലെ 4,86,700 പേര്‍ ഇപ്പോഴും സര്‍ക്കാര്‍- പ്രതിപക്ഷ സൈന്യങ്ങളുടെ ഉപരോധത്തിനു കീഴിലാണെന്ന് യുഎന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഭക്ഷണവും മരുന്നും ഇന്ധനവും എത്തിക്കാനോ പുറത്തേക്ക് കൊണ്ടുപോവാനോ കഴിയാതെ ഉപരോധിത മേഖലകള്‍ പ്രയാസപ്പെടുകയാണ്. ചില സന്നദ്ധ സംഘടനകളുടെ കണക്കുകള്‍ പ്രകാരം ഉപരോധിക്കപ്പെടുന്നവരുടെ എണ്ണം 19 ലക്ഷം വരെയാണ്. ഫെബ്രുവരി 27ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിലൂടെ ഉപരോധിത മേഖലകളിലേക്ക് കടന്നുകയറാമെന്നായിരുന്നു സന്നദ്ധ സംഘടനകളുടെ പ്രതീക്ഷ. 1,50,000 പേര്‍ക്കു മാത്രമാണ് സന്നദ്ധസംഘടനകളുടെ സഹായവിതരണം ഗുണം ചെയ്തത്. ഇതുതന്നെ ഭാഗികമാണെന്നും നിരീക്ഷക സംഘടനകളും തദ്ദേശീയരും ആരോപിക്കുന്നു.
ചില പ്രദേശങ്ങൡ സഹായം എത്തിയിട്ടുണ്ടെങ്കിലും സ്ഥിരമായി സഹായവിതരണം നടത്താനാവാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി സേവ് ദ ചില്‍ഡ്രന്‍ സിഇഒ തന്‍യ സ്റ്റീലി വ്യക്തമാക്കുന്നു. സംഭരണശാലകളില്‍നിന്നുള്ള ചെറിയ ചരക്ക് നീക്കത്തിലൂടെ കുഞ്ഞുങ്ങളെ പട്ടിണിയില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും സഹായ വാഹനങ്ങള്‍ക്ക് ഒറ്റക്കൊറ്റയ്ക്കാണ് പ്രവേശനം ലഭിക്കുന്നതെന്നും അവര്‍ക്കു മാത്രമാണ് കഴിഞ്ഞ ആഴ്ചകളില്‍ അവശ്യ വസ്തുക്കള്‍ വിതണം ചെയ്യാന്‍ സാധിച്ചതെന്നും അടുത്ത ഡെലിവറി എപ്പോള്‍ നടക്കുമെന്ന കാര്യത്തിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 126 പ്രദേശവാസികളുമായി അഭിമുഖം നടത്തി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പലപ്പോഴും ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നു വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it