Editorial

സിറിയയില്‍ കൂട്ടക്കൊല തുടരുന്നു

സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ സൈന്യം മൂന്നു ദിവസമായി പ്രതിപക്ഷ കേന്ദ്രങ്ങളില്‍ നടത്തുന്ന ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യയുടെ സഹായത്തോടെ സൈന്യം രാസായുധം ഘടിപ്പിച്ച റോക്കറ്റുകള്‍ ഉപയോഗിച്ചാണ് കിഴക്കന്‍ ഗൂത്ത പട്ടണത്തില്‍ ആക്രമണം നടത്തുന്നത്. ആംെനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും വംശഹത്യയ്ക്കു തുല്യമായ അസദിന്റെ ആക്രമണത്തെ അപലപിക്കുന്നുവെങ്കിലും ക്രിയാത്മകമായ ഒരു നടപടിയും ഉണ്ടായില്ല.
ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പിശാചിനെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ സിറിയയിലെത്തിയ അമേരിക്കന്‍ സൈന്യം കുര്‍ദ് മേഖലയില്‍ കയറി നിരങ്ങുന്നുണ്ടെങ്കിലും മേഖലയില്‍ അമേരിക്കന്‍ താവളമായി ഒരു കുര്‍ദ് രാഷ്ട്രം സ്ഥാപിക്കലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് കേള്‍ക്കുന്നു. റഷ്യയും അമേരിക്കയും അമേരിക്കയുടെ സാമന്തരാഷ്ട്രങ്ങളും ഇറാനും തുര്‍ക്കിയും നേരിട്ടും അല്ലാതെയും ഇടപെടുന്നതിനാല്‍ സിറിയന്‍ സംഘര്‍ഷം തല്‍ക്കാലം അവസാനിക്കുമെന്ന് കരുതാന്‍ വയ്യ.
അതേയവസരം, അസദ് ഭരണകൂടം യുദ്ധം സംബന്ധിച്ചുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നത്. ഒരൊറ്റ ദിവസം നടന്ന ആക്രമണങ്ങളില്‍ 250ലധികം സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. അതില്‍ 50ഓളം കുഞ്ഞുങ്ങളുണ്ട്. ആശുപത്രികളും വിദ്യാലയങ്ങളും ബോംബിട്ടു നശിപ്പിക്കുന്നതില്‍ സിറിയന്‍ വൈമാനികര്‍ മല്‍സരിക്കുകയാണെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ പറയുന്നു.
2013ല്‍ ഗൂത്തയില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് അസദ് നഗരത്തെ ഉപരോധിക്കാന്‍ തുടങ്ങിയത്. അന്നുതൊട്ട് സൈന്യം നഗരത്തിലേക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും കൊണ്ടുവരുന്നത് തടയുകയാണ്. ഒരിക്കല്‍ മാത്രമാണ് സഹായങ്ങളുമായി ഒരു വാഹനവ്യൂഹം നഗരത്തില്‍ കടന്നത്. മൂന്നു ലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന നഗരവും സമീപപ്രദേശങ്ങളും ഏതാണ്ട് പട്ടിണിയിലാണ്.
യുഎന്‍ നിരീക്ഷകര്‍, ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടുമെന്ന് മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും റഷ്യയുടെ സഹായമുള്ളതിനാല്‍ രക്ഷാസമിതിയില്‍ നിന്ന് സിറിയന്‍ ജനതയ്ക്ക് ആശ്വാസം നല്‍കുന്ന നടപടികളൊന്നും പ്രതീക്ഷിക്കുക വയ്യ. മാത്രമല്ല, ആശുപത്രികള്‍ ബോംബിടുന്നത് റഷ്യന്‍ വിമാനങ്ങളാണെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നത്. ഇദ്‌ലിബില്‍ റഷ്യയുടെ ഭടന്‍മാര്‍ തന്നെ ആക്രമണം നയിച്ചിരുന്നുവെന്ന ആരോപണം ശരിയാണെന്നു പിന്നീട് തെളിഞ്ഞു.
ശീതയുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഇരകളാണ് നിരാലംബരായ സിറിയന്‍ ജനത. ജനസംഖ്യയില്‍ പത്തു ശതമാനത്തില്‍ താഴെ വരുന്ന ശിയാക്കളില്‍ തന്നെ ചെറുന്യൂനപക്ഷമായ അലവികളാണ് ദശാബ്ദങ്ങളായി സിറിയയില്‍ കിരാതഭരണം നടത്തുന്നത്. ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യമാണ് ജനാധിപത്യത്തേക്കാള്‍ നല്ലതെന്നു കരുതുന്നവര്‍ക്ക് എന്തു കൂട്ടക്കൊല, എന്തു മനുഷ്യാവകാശ ലംഘനം?
Next Story

RELATED STORIES

Share it