സിറിയയില്‍ ഐഎസ് ആക്രമണം; 300 പേര്‍ മരിച്ചു

ബെയ്‌റൂത്ത്: സിറിയയിലെ ദയിര്‍ അല്‍സൂര്‍ നഗരത്തിലുണ്ടായ ഐഎസ് ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. സൈനികരും അവരുടെ ബന്ധുക്കളും സാധാരണക്കാരും ഉള്‍പ്പെടെ 300 പേരെയാണ് കൂട്ടക്കൊല ചെയ്തതെന്ന് സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന അറിയിച്ചു.
കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും വൃദ്ധരും കുട്ടികളുമാണ്. എന്നാല്‍, സിറിയന്‍ സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടതെന്നാണ് അക്രമികളുടെ വാദം. 80 സൈനികരടക്കം 135 പേരാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് അറിയിച്ചു.
തല വെട്ടിയും വെടിവച്ചുമാണ് കൊല നടത്തിയതെന്നും റിപോര്‍ട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ഡസന്‍ കണക്കിനാളുകളെ കൂട്ടക്കൊല ചെയ്‌തെന്നും മൃതദേഹങ്ങള്‍ യൂഫ്രട്ടീസ് നദിയിലെറിഞ്ഞെന്നുമാണ്.ലബ്‌നാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മായാദീന്‍ ടിവി റിപോര്‍ട്ട് ചെയ്തത്.
400ല്‍ അധികം സാധാരണക്കാരെ അക്രമികള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ട് ചെയ്തു. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചാണ് അക്രമം തുടങ്ങിയതെന്നും റിപോര്‍ട്ടുകളുണ്ട്. ആക്രമണം നടന്ന ദയിര്‍ അല്‍സൂര്‍ പ്രദേശം ഐഎസിന്റെ നിയന്ത്രണത്തിലാണ്.
Next Story

RELATED STORIES

Share it