സിറിയയില്‍ ഐഎസിന് വെല്ലുവിളിയുയര്‍ത്തി അല്‍ഖാഇദ

ഇസ്‌ലാമാബാദ്: സിറിയയില്‍ ഐഎസിനെതിരായി പോരാട്ടം നടത്താന്‍ പാകിസ്താനിലെ അല്‍ഖാഇദ സായുധസംഘം ഒരുങ്ങുന്നതായി റിപോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍-യൂറോപ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
പരിശീലനം നേടിയ മുതിര്‍ന്ന പോരാളികളുടെ സംഘത്തെ തന്നെ രഹസ്യമായി സിറിയയിലേക്കയച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ ഉപവിഭാഗമായ അല്‍ നുസ്‌റ ഫ്രണ്ടുമായി ചേര്‍ന്ന് പുതിയ ആസ്ഥാനം സ്ഥാപിക്കാനും ഇതിനോടകം നിര്‍ദേശം നല്‍കിയതായി വിവരമുണ്ട്.
പരമാധികാരമുള്ള ഒരു രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള അല്‍ഖാഇദയുടെ സുപ്രധാനമായ നീക്കമാണിതെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. നീക്കം യുഎസിനും യൂറോപ്പിനും സായുധഭീഷണിയായേക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി യുഎന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയെ അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരി അടുത്തിടെ വിമര്‍ശിച്ചിരുന്നു.
സിറിയയില്‍ പോരാളികളെ ഏകീകരിക്കേണ്ടതുണ്ട്. അതിലൂടെ റഷ്യയില്‍ നിന്നും പടിഞ്ഞാറന്‍ കുരിശുയുദ്ധക്കാരില്‍ നിന്നും മോചനം നേടാം. ഐക്യമെന്നത് ജീവിതത്തിന്റെയും മരണത്തിന്റെയും വിഷയമാണെന്നും സവാഹിരി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it