Flash News

സിറിയയില്‍ എത്തിയ മലയാളികളുടെ ശബ്ദസന്ദേശങ്ങള്‍ സ്ഥിരീകരിച്ചു



കണ്ണൂര്‍: ഐഎസില്‍ ചേരാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പുറപ്പെട്ടവര്‍ സിറിയയില്‍ എത്തിയതിനു തെളിവ് ലഭിച്ചതായും ഇവരില്‍ ചിലര്‍ അയച്ച ശബ്ദസന്ദേശങ്ങള്‍ സ്ഥിരീകരിച്ചതായും പോലിസ്. സിറിയയില്‍ കൊല്ലപ്പെട്ട ഏച്ചൂര്‍ കമാല്‍പീടികയിലെ മുഹമ്മദ് ഷജിലിന്റെ ഭാര്യ ഷജിലിന്റെ ഗള്‍ഫിലുള്ള സഹോദരനും, സിറിയയിലുള്ള വളപട്ടണം സ്വദേശി മനാഫ് നാട്ടിലുള്ള സുഹൃത്തിനും അയച്ച  സന്ദേശങ്ങളാണ് സ്ഥിരീകരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷജിലിന്റെ ഭാര്യ ഹഫ്‌സിയയും രണ്ടു കുട്ടികളും സിറിയയിലാണ് ഉള്ളത്. ഹഫ്‌സിയ ഭര്‍ത്തൃസഹോദരന് അയച്ച സന്ദേശം അയാള്‍ നാട്ടിലുള്ള അമ്മാവന് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഇതാണ് അന്വേഷണസംഘം പരിശോധിച്ചത്. വെടിയേറ്റ ഷജില്‍ വാഹനത്തിനരികിലേക്ക് നടന്നുവന്നതായും പിന്നീടു മരിച്ചതായുമാണ് ശബ്ദസന്ദേശത്തില്‍ ഭാര്യ വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് കൊല്ലപ്പെട്ട ചില മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയില്‍ ഉള്ളതായും ഷജിലിന്റെ ഭാര്യ പറയുന്നുണ്ട്. കൊല്ലപ്പെട്ട ഷജിലിന്റെ കടം വീട്ടാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടാണ് മനാഫ് നാട്ടിലുള്ള സുഹൃത്തിനെ വിളിച്ചത്. നാട്ടിലെ സുഹൃത്തിന് ഷജില്‍ നല്‍കാനുള്ള പണം അക്കൗണ്ട് നമ്പര്‍ അയച്ചുതന്നാല്‍ താന്‍ തിരിച്ചുതരാമെന്നാണ് മനാഫ് പറയുന്നത്. എന്നാല്‍, അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുഹൃത്ത് തയ്യാറായില്ല. ചെക്കിക്കുളം ചെറുവത്തല മൊട്ട സ്വദേശി അബ്ദുല്‍ ഖയ്യൂം സിറിയയില്‍ നിന്ന് വീട്ടുകാരെ വിളിച്ചതിന്റെ ക്ലിപ്പും പോലിസിനു കിട്ടി. ഏതു സമയത്തും കൊല്ലപ്പെട്ടേക്കാമെന്ന് ഖയ്യൂം പറയുന്നുണ്ട്. സൈനിക യൂനിഫോമില്‍ തോക്കേന്തി നില്‍ക്കുന്ന ഖയ്യൂമിന്റെ ചിത്രവും ലഭിച്ചിട്ടുണ്ട്.  ടെലഗ്രാം പ്രൊഫൈലില്‍ നിന്നാണ് ഖയ്യൂമിന്റെ ചിത്രം കിട്ടിയത്.ഇതു കൂടാതെ ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മലയാളി യുവാക്കളുടെ മുന്നൂറോളം സൗണ്ട് ക്ലിപ്പുകള്‍ പോലിസ് പരിശോധിച്ചുവരുകയാണ്. ഐഎസ് ബന്ധം ആരോപിച്ച് അടുത്തിടെ അറസ്റ്റിലായ മുണ്ടേരി സ്വദേശികളായ റാഷിദും മിദ്‌ലാജും സിറിയയില്‍ പോയി തിരിച്ചുവന്നതിന്റെ തെളിവ് ലഭിച്ചതായും ഡിവൈഎസ്പി പറഞ്ഞു.  ഗള്‍ഫില്‍ മുജാഹിദ് വിസ്ഡം ഗ്രൂപ്പിലെ പ്രവര്‍ത്തന കാലത്താണ് പലരും ഐഎസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. എന്നാല്‍, വിസ്ഡം ഗ്രൂപ്പിന് ഔദ്യോഗികമായി അത്തരം ബന്ധങ്ങള്‍ ഉള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
Next Story

RELATED STORIES

Share it