World

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണ പരമ്പര. സിറിയന്‍, ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് ഇസ്രായേല്‍ പ്രതികരിച്ചു.  ഇസ്രായേലിന്റെ എഫ് 16 യുദ്ധവിമാനം വെടിവച്ചിട്ടതായി സിറിയന്‍ സേനയും അറിയിച്ചു. വടക്കന്‍ ഇസ്രായേലില്‍ തകര്‍ന്നുവീണ വിമാനത്തെ തങ്ങള്‍ വെടിവച്ചിട്ടതാണെന്നാണ് സിറിയന്‍സേന അറിയിച്ചത്. വിമാനം സിറിയന്‍ സേന തകര്‍ത്തതാണെന്നു നേരത്തേ ഇസ്രായേല്‍ ആരോപിച്ചിരുന്നെങ്കിലും സ്ഥിരീകരണം പുറത്തുവരുന്നത് ഇതാദ്യമായാണ്. വിമാനത്തിലെ പൈലറ്റുമാര്‍ രക്ഷപ്പെട്ടിരുന്നു. ഇറാന്റെയും സിറിയയുടെയും 10ലധികം സൈനിക കേന്ദ്രങ്ങളാണ് ഇസ്രായേല്‍ ലക്ഷ്യംവച്ചത്. ഇറാന്‍ സഖ്യകക്ഷിയായ ലബ്‌നീസ് ഹിസ്ബുല്ലകളുടെ കേന്ദ്രങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഇസ്രായേല്‍ ആരോപിച്ചു.  ഇസ്രായേല്‍ വ്യോമപരിധിയിലേക്ക് ഇറാന്‍ അയച്ച ഡ്രോണുകളെ തകര്‍ക്കുന്നതിനായി അയച്ച എഫ് 16 വിമാനമാണ് തകര്‍ന്നുവീണതെന്ന് അവര്‍ പ്രതികരിച്ചു. എന്നാല്‍, ഇസ്രായേലിലേക്കു ഡ്രോണുകളയച്ചെന്ന വാദം ഇറാന്‍ തള്ളി. സിറിയയിലെ ഹുംസ് പ്രവിശ്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ ഡ്രോണാക്രമണങ്ങള്‍ക്കുപയോഗിച്ച വ്യോമകേന്ദ്രമാണ് ഇസ്രായേല്‍ വിമാനം ലക്ഷ്യംവച്ചതെന്നും ഇറാന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ ഗുരുതരമായ മറുപടി പ്രതീക്ഷിക്കേണ്ടിവരുമെന്നും ഇറാന്‍ പ്രതികരിച്ചു. എന്നാല്‍, മേഖലയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാനാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it