സിറിയയിലേക്ക് സൗദി കരസൈന്യം; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാന്‍

ബ്രസ്സല്‍സ്: സിറിയയിലേക്ക് കരസൈന്യത്തെ അയക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സൗദിക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. സൗദി കരസേനയെ അയക്കരുതെന്നാവശ്യപ്പെട്ട ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് സൗദിക്ക് കനത്ത മുന്നറിയിപ്പ് നല്‍കാനും മറന്നില്ല. സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യ ലംഘനമാണ്. സിറിയ ഒരു പരമാധികാര രാഷ്ട്രമാണ്. അവിടെ ഒരു ഭരണാധികാരിയുണ്ട്. ആ രാജ്യത്തേക്ക് സൈന്യത്തെ അയക്കുന്നവര്‍ ആരായാലും അത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണ്- സരീഫ് പറയുന്നു.
എന്തടിസ്ഥാനത്തിലാണ് സിറിയയിലേക്ക് കരസേനയെ അയക്കാന്‍ സൗദി തയ്യാറായതെന്ന് സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബെല്‍ജിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം ചോദിച്ചു. സൗദിയുടെ നീക്കത്തെ ശക്തമായി വിമര്‍ശിക്കുന്നതോടൊപ്പം അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതം സൗദി നേരിടേണ്ടി വരുമെന്നും സരീഫ് വ്യക്തമാക്കി.
സിറിയയില്‍ സമാധാനം പുലര്‍ത്താന്‍ എന്ന പേരില്‍ എല്ലാവരും ആയുധമെടുത്തിറങ്ങാന്‍ പോകുന്നു. അതാണ് ഏറ്റവും വലിയ അപകടമെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും സരീഫ് വ്യക്തമാക്കി. സിറിയയിലേക്ക് തങ്ങള്‍ ഇതുവരെയും സൈന്യത്തെ അയച്ചിട്ടില്ലെന്നും സൈനിക ഉപദേഷ്ടാക്കളെയാണ് അയച്ചതെന്നും സരീഫ് പറഞ്ഞു. സിറിയന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് തങ്ങള്‍ സൈനിക ഉപദേഷ്ടാക്കളെ സിറിയയിലേക്കയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it