World

സിറിയയിലേക്കുള്ള എസ്-300 മിസൈല്‍ വിതരണം റഷ്യ റദ്ദാക്കി

മോസ്‌കോ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനു പിറകേ സിറിയയിലേക്കുള്ള എസ്-300 മിസൈലുകളുടെ വിതരണത്തിനുള്ള നടപടികള്‍ റഷ്യ റദ്ദാക്കി. സിറിയക്ക് പുതിയ എസ് 300 മിസൈലുകള്‍ ആവശ്യമുള്ളതായി കരുതുന്നില്ലെന്നും ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥരെ അധികരിച്ച് ഇസ്വെസ്റ്റിയ  റിപോര്‍ട്ട് ചെയ്തു.
സിറിയയിലേക്ക് മിസൈലുകള്‍ അയക്കരുതെന്നു റഷ്യന്‍ പ്രധാനമന്ത്രി വഌദിമിര്‍ പുടിനോട് നെതന്യാഹു  ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനു തൊട്ടുപിറകേയാണ് പുടിനോട് അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥനായ വഌദിമിര്‍ കോസ്ലിന്‍ മിസൈല്‍ കൈമാറ്റം റദ്ദാക്കിയതായി അറിയിച്ചത്.
ഇസ്രായേലിന്റെ എതിര്‍പ്പുണ്ടെങ്കിലും സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന് ആയുധങ്ങള്‍ കൈമാറുന്നത് തുടരുമെന്നായിരുന്നു റഷ്യ കഴിഞ്ഞ മാസം വ്യക്തമാക്കിയത്. യുഎസും സഖ്യകക്ഷികളും സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനു പിറകേയായിരുന്നു റഷ്യയുടെ പ്രതികരണം. യുഎസ് സഖ്യം ആക്രമണം നടത്തിയതോടെ സിറിയയില്‍ നിന്ന് ആയുധങ്ങള്‍ പിന്‍വലിക്കാനുള്ള റഷ്യയുടെ ധാര്‍മികമായ ഉത്തരവാദിത്തം ഇല്ലാതായതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാടില്‍ നിന്നു പെട്ടെന്നുള്ള റഷ്യയുടെ തിരിച്ചുപോക്ക് ഇസ്രായേലിന്റെ സ്വാധീനത്തെത്തുടര്‍ന്നാണെന്നു വിലയിരുത്തപ്പെടുന്നു.
സിറിയന്‍ സേനയ്ക്ക് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ തന്നെയുണ്ടെന്നു  വഌദിമിര്‍ കോസ്ലിന്‍ വ്യക്തമാക്കി. ഇപ്പോള്‍ ഒരു ആധുനിക വ്യോമപ്രതിരോധ സംവിധാനവും സിറിയക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. എസ്- 300 മിസൈലുകളുടെ കൈമാറ്റം സംബന്ധിച്ചു പ്രഖ്യാപനമൊന്നും പുറത്തുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it