World

സിറിയയിലെ സ്ഥിതി അത്യന്തം ഗുരുതരമെന്ന് യുഎന്‍

ലണ്ടന്‍: സിറിയയില്‍ ഭയാനകമായ രീതിയില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതായി യുഎന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര. നാലു വര്‍ഷത്തെ തന്റെ സേവനത്തിനിടെ ഇത്രയും രൂക്ഷമായ അക്രമം സിറിയയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തില്‍ മാത്രം ആയിരത്തിലധികം സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. സമാധാനം പുനസ്ഥാപിക്കുന്നതില്‍ യുഎന്‍ പരാജയപ്പെടുന്നു എന്ന്് യുഎസും റഷ്യയും കുറ്റപ്പെടുത്തുന്നതിനിടെയാണ് രക്ഷാസമിതിയില്‍ മിസ്തുരയുടെ പ്രതികരണം.
സിറിയയിലിപ്പോള്‍ വളരെ അപകടകരവും ഭീതിതവുമായ സാഹചര്യമാണ്. കിഴക്കന്‍ഗൂത്തയില്‍ സിവിലിയന്‍മാര്‍ക്കു നേരെ സൈന്യം നടത്തുന്ന ആക്രമണം, അഫ്രിനില്‍ തുര്‍ക്കി നടത്തുന്ന സൈനികനീക്കം, ദയര്‍ അസ്സൂറില്‍ അസദ് സൈന്യത്തിനു നേരെ യുഎസിന്റെ ഇടപെടല്‍, ഇസ്രായേല്‍ വ്യോമാക്രമണം എന്നിവയും മിസ്തുര റിപോര്‍ട്ടില്‍ പരാമര്‍ശിച്ചു. അസദ് ഭരണകൂടം സിവിലിയന്‍മാര്‍ക്കു നേരെ നടത്തുന്ന ബോംബാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ റഷ്യ പരാജയപ്പെടുന്നതായും മിസ്തുര ആരോപിച്ചു.
സിറിയയില്‍ പുതിയ ഭരണ—ഘടന രൂപീകരിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും മിസ്തുര നിര്‍ദേശിച്ചു. എന്നാല്‍ ഇതിനെ സിറിയന്‍ അംബാസഡര്‍ എതിര്‍ത്തു. റഷ്യ സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്.













Next Story

RELATED STORIES

Share it