World

സിറിയയിലെ സംഘര്‍ഷം, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഎന്‍

ദമസ്‌കസ്: സിറിയയില്‍ സംഘര്‍ഷം കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു യുഎന്‍ മേധാവി അന്തോണിയോ ഗുത്തേറഷ്. സിറിയയിലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. സിറിയയിലെ ഇറാന്‍, സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍. ഇറാന്‍ ഡ്രോണുകള്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ചായിരുന്നു ഇസ്രായേലിന്റെ നീക്കം. ഇറാന്‍ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച ഇസ്രായേല്‍ പോര്‍വിമാനം വെടിവച്ചിട്ടതായി സിറിയയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇസ്രായേലിന്റെ എഫ് 16 യുദ്ധവിമാനമാണ് വെടിവച്ചിട്ടത്. 1982നു ശേഷം ഇതാദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തിലുള്ള തിരിച്ചടി നേരിടുന്നത്. സിറിയയിലെ ഇസ്രായേല്‍ ഇടപെടലില്‍ ഗുരുതരമായ ആശങ്ക അറിയിക്കുന്നതായി ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ സഖ്യകക്ഷിയായ റഷ്യ പ്രതികരണമറിയിച്ചിരുന്നു. അതേസമയം, സിറിയയിലെ സൈനിക നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. സിറിയയില്‍ ഇസ്രായേലിന് യുഎസ് പിന്തുണ അറിയിച്ചു. തെക്കന്‍ സിറിയയിലെ ഇറാന്‍ സൈനിക സഖ്യത്തിനെതിരേ തങ്ങളുടെ എക്കാലത്തെയും സഖ്യകക്ഷിയായ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇറാനും സഖ്യകക്ഷികളും പ്രകോപനം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. സിറിയയിലെ സൈനിക സാന്നിധ്യത്തില്‍ ഇറാന് മുന്നറിയിപ്പ് നല്‍കുന്നതായി ഇസ്രായേല്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it