സിറിയയിലെ റഷ്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 400 സാധാരണക്കാര്‍

ദമസ്‌കസ്: സിറിയയിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ഇതുവരെ 400 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും ഉദ്ധരിച്ച് സിറിയയിലെ യുദ്ധനിരീക്ഷക സംഘടനകള്‍ അറിയിച്ചു. റഷ്യ ആക്രമണം തുടങ്ങിയ സപ്തംബര്‍ 30 മുതല്‍ നവംബര്‍ 20 വരെ 97 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 403 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന വ്യക്തമാക്കുമ്പോള്‍ ഇക്കാലയളവില്‍ 137 കുട്ടികള്‍ ഉള്‍പ്പെടെ 526 പേര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്ഒഎച്ച്ആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൃഷിയിടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, പട്ടണങ്ങള്‍, മഹാനഗരങ്ങള്‍ എന്നിവിടങ്ങളിലായി 2014 ഒക്ടോബര്‍ മുതല്‍ 42,234 വ്യോമാക്രമണങ്ങളാണു നടന്നത്. 22,370 ബാരല്‍ബോംബുകളും ഇക്കാലയളവില്‍ വര്‍ഷിച്ചതായും ഇതില്‍ 1,436 കുട്ടികള്‍ ഉള്‍പ്പെടെ 6,889 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 35,000 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി എസ്ഒഎച്ച്ആര്‍ വ്യക്തമാക്കുന്നു.
റഷ്യ ആക്രമണം ആരംഭിച്ചതിനു ശേഷം അലപ്പോയില്‍നിന്നു ലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ട്. ഇദ്‌ലിബ് പട്ടണത്തിന്റെ പ്രാന്തഭാഗത്ത് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച ക്യാംപില്‍നിന്ന് 1000 പേരും ഇക്കാലയളവില്‍ സുരക്ഷിത മേഖലയിലേക്കു രക്ഷപ്പെട്ടിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ അഭ്യര്‍ഥന മാനിച്ചും റഷ്യന്‍ പാര്‍ലമെന്റിന്റെ അനുമതി അടിസ്ഥാനമാക്കിയുമാണ് സിറിയയിലെ ആക്രമണമെന്നാണ് റഷ്യന്‍ ഭാഷ്യം. വെള്ളിയാഴ്ചയും കാസ്പിയന്‍ കടലില്‍നിന്നു റഷ്യ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്.
ശനിയാഴ്ച അലപ്പോയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധം ഇതുവരെ രണ്ടരലക്ഷം പേരുടെ ജീവനപഹരിച്ചപ്പോള്‍ രാജ്യത്തെ 2.24 കോടി ജനങ്ങളില്‍ പകുതിയും പലായനം ചെയ്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it