സിറിയന്‍ സമാധാന പദ്ധതി; വിജയസാധ്യത കുറവെന്ന് നിരീക്ഷകര്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കിയ സിറിയന്‍ സമാധാനപദ്ധതി വിജയിക്കാന്‍ സാധ്യത കുറവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ലക്ഷക്കണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്ത സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള അംഗങ്ങള്‍ സമവായത്തിലെത്താത്തതാണു പ്രധാന കാരണം.
വിഷവാതകം, ബാരല്‍ബോംബ് തുടങ്ങി അന്താരാഷ്ട്ര നിയമങ്ങള്‍ വിലക്കുന്ന നശീകരണായുധങ്ങള്‍ അസദ് ഉപയോഗിച്ചതിന്റെ തെളിവുകളുണ്ടെങ്കിലും അദ്ദേഹത്തെ വിചാരണചെയ്യുന്നതിനെപ്പറ്റി രക്ഷാസമിതി പ്രമേയം മൗനംപാലിക്കുന്നു. അതേയവസരം സിറിയന്‍ പ്രതിപക്ഷമായ ജബ്ഹത്തുന്നുസ്‌റയും റഖ നഗരം കേന്ദ്രമാക്കി വലിയൊരു ഭൂപ്രദേശം ഭരിക്കുന്ന ഐഎസും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ തടയണമെന്നു പ്രമേയം ആഹ്വാനം ചെയ്യുന്നു. 18 മാസത്തിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും അതിനു മുന്നോടിയായി ഒരു ഇടക്കാല ഗവണ്‍മെന്റ് ഭരണമേല്‍ക്കണമെന്നും രക്ഷാസമിതി നിര്‍ദേശിക്കുന്നു. എന്നാല്‍, ജനാധിപത്യാവകാശങ്ങള്‍ക്കായി സായുധസമരം നടത്തിയവരെ ഗവണ്‍മെന്റില്‍ പങ്കാളികളാക്കുന്നില്ല.
പകരം വന്‍ശക്തികളുടെ കങ്കാണികളാണ് അസദുമായി അധികാരം പങ്കിടുക. യുഎസും റഷ്യയും തമ്മില്‍ സിറിയന്‍ വിഷയത്തില്‍ കലഹിക്കുന്നുവെങ്കിലും സിറിയയില്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഗവണ്‍മെന്റ് വരരുതെന്ന കാര്യത്തില്‍ ഇരുവര്‍ക്കും യോജിപ്പുണ്ട്. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള വൈര്യം മറ്റൊരു പ്രധാന പ്രതിബന്ധമാണ്. ഇറാന്‍ ശിയാക്കളുടെയും സൗദി അറേബ്യ സുന്നികളുടെയും രക്ഷകവേഷമണിഞ്ഞാണ് സിറിയന്‍ പ്രശ്‌നം രൂക്ഷമാക്കുന്നത്. അസദ് ഉടന്‍ തന്നെ അധികാരമൊഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഒബാമ പറയുന്നുണ്ടെങ്കിലും അതിനൊരു സാധ്യതയുമില്ലെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് സൂചിപ്പിക്കുന്നത്.
ഇരുകൂട്ടരും 'ഭീകരരെ' കൊല്ലുന്ന കാര്യത്തില്‍ മാത്രം സഹകരിക്കുന്നതിനാല്‍ അസദിന്റെ സൈന്യം പരാക്രമം തുടരാനാണു സാധ്യത.
Next Story

RELATED STORIES

Share it