സിറിയന്‍ സമാധാന ചര്‍ച്ചയില്‍ പ്രസിഡന്റ് അസദിന്റെ പ്രതിനിധികളും പങ്കെടുക്കും

ബൈറൂത്ത്: ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം. സംഘം ജനീവയിലേക്ക് തിരിച്ചതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപോര്‍ട്ട് ചെയ്തു. ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍നിന്നു ബശ്ശാറുല്‍ ജഅ്ഫരിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം കഴിഞ്ഞ ആഴ്ച ബഹി—ഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട്് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യുഎന്‍ മധ്യസ്ഥനായ സ്റ്റഫന്‍ ഡി മിസ്തുര സിറിയന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ചര്‍ചകള്‍ പുനരാംരംഭിക്കാനായി പ്രതിപക്ഷം ബുധനാഴ്ച ജനീവയിലെത്തിയിരുന്നു. അസദ് ഭരണകൂടത്തിന് ഭാവിയില്‍ ലഭിക്കുന്ന പദവികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത്. അസദിനു ഭാവി സര്‍ക്കാരില്‍ യാതൊരു പ്രാതിനിധ്യവും നല്‍കില്ലെന്നു കഴിഞ്ഞ മാസം പ്രതിപക്ഷം അറിയിച്ചിരുന്നു. ചര്‍ച്ചയില്‍നിന്നു പിന്‍മാറിയ സിറിയന്‍ സര്‍ക്കാരിന്റെ നടപടിയെ ഫ്രാന്‍സ് അടക്കമുള്ള രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it