സിറിയന്‍ സഖ്യസേന അല്‍ ഖര്‍യതൈനില്‍

ദമസ്‌കസ്: സിറിയന്‍ സഖ്യസേന പാല്‍മിറയ്ക്കു സമീപം ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ഖര്‍യതൈന്‍ നഗരത്തില്‍ പ്രവേശിച്ചു. അല്‍ഖര്‍യതൈനില്‍ സിറിയന്‍ സൈന്യവും ഐഎസും തമ്മില്‍ പോരാട്ടം തുടരുകയാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ റാമി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. നഗരത്തിലും സമീപമേഖലകളിലുമായി സിറിയന്‍, റഷ്യന്‍ സേനകള്‍ ഇന്നലെ 40ഓളം തവണ വ്യോമാക്രമണം നടത്തിയതായും അദ്ദേഹം അറിയിച്ചു.
ഒരാഴ്ചയോളമായി സേന നഗരത്തിന് സമീപമുള്ള മേഖലയില്‍ നിലയുറപ്പിച്ചു വരുകയായിരുന്നു. ചുറ്റുമുള്ള വിവിധ മേഖലകളില്‍ നിന്നായി സൈന്യം നഗരത്തില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് സിറിയന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച സിറിയന്‍ സഖ്യസേന തിരിച്ചുപിടിച്ച പാല്‍മിറയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് അല്‍ഖര്‍യതൈന്‍. കഴിഞ്ഞ ആഗസ്ത് മുതല്‍ ഇവിടം ഐഎസ് നിയന്ത്രണത്തിലാണ്. അല്‍ഖര്‍യതൈനിലെ വടക്കന്‍ മേഖലയില്‍ സൈന്യം നിയന്ത്രണം നേടിയതായും ഇവിടെ ഐഎസ് സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്തു വരുകയാണന്നും സിറിയ അറിയിച്ചു. ആയിരക്കണക്കിന് കുഴിബോംബുകള്‍ ഐഎസ് സ്ഥാപിച്ചിട്ടുണ്ടെന്നും ജനങ്ങളെ തിരിച്ചെത്തിക്കുന്നതിനു മുന്നോടിയായി ഇവ നീക്കം ചെയ്യേണ്ടതുണ്ടെന്നും സിറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it