സിറിയന്‍ സംഘര്‍ഷം; വിമത നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന നഗരം സൈന്യം പിടിച്ചെടുത്തു

ബെയ്‌റൂത്ത്: സിറിയന്‍ പ്രവിശ്യയായ ലഡാകിയയില്‍ വിമത നിയന്ത്രണത്തിലുള്ള അവസാനത്തെ വലിയ പട്ടണവും സൈന്യം പിടിച്ചെടുത്തു. തീര പട്ടണമായ റാബിയയാണ് റഷ്യന്‍ വ്യോമ പിന്തുണയോടെ നടത്തിയ സൈനികനീക്കത്തില്‍ പിടിച്ചെടുത്തത്. സായുധസംഘമായ പോപുലര്‍ ഡിഫന്‍സിന്റെ പിന്തുണയും സിറിയന്‍ സൈന്യത്തിന് ലഭിച്ചു.
സിറിയന്‍ തുര്‍ക്കികള്‍, അല്‍ഖാഇദയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നുസ്‌റഫ്രണ്ട് തുടങ്ങിയ വിമത പോരാട്ട സംഘങ്ങളുടെ നിയന്ത്രണത്തിലാണ് 2012 മുതല്‍ നഗരം. തെക്കുപടിഞ്ഞാറ്, വടക്കു ഭാഗങ്ങളില്‍നിന്ന് ഒരേസമയം നടത്തിയ സൈനിക നടപടിക്കൊടുവില്‍ വിമതര്‍ പിന്‍വാങ്ങുകയായിരുന്നു. 20 ഓളം ഗ്രാമങ്ങളും സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ യുദ്ധനിരീക്ഷണ സംഘടനയുടെ മേധാവി റമി അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി. നഗരം പിടിച്ചെടുത്ത സൈന്യം തുര്‍ക്കി അതിര്‍ത്തി മുതല്‍ വടക്കോട്ടുള്ള വിമതരുടെ വിതരണ പാതകള്‍ അടച്ചു. ജനുവരി 12ന് തന്ത്രപ്രധാന പട്ടണമായ സല്‍മ അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൈന്യം പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it