സിറിയന്‍ വിമത നേതാവിന്റെ വധം; യര്‍മൂഖ് ക്യാംപിലെ ഒഴിപ്പിക്കല്‍ അവതാളത്തില്‍

ദമസ്‌കസ്: സിറിയന്‍ വിമത നേതാവിന്റെ വധത്തെ തുടര്‍ന്നു യര്‍മൂഖ് അഭയാര്‍ഥി ക്യാംപിലും സമീപ പ്രദേശങ്ങളിലുമുള്ള സായുധ സംഘങ്ങളെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കുന്ന പദ്ധതി അവതാളത്തിലായി.
തലസ്ഥാനമായ ദമസ്‌കസിനു പ്രാന്തപ്രദേശത്തുള്ള ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപ്, പ്രതിപക്ഷ നിയന്ത്രണത്തിലുള്ള അല്‍ഖദം, അല്‍ ഹജറുല്‍ അസ്‌വദ്, ഐഎസ് - അല്‍നുസ്‌റ ഫ്രണ്ട് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോരാളികളെ ഒഴിപ്പിക്കുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി സിറിയന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നത്.
ധാരണ ലംഘിച്ചു സിറിയന്‍ വ്യോമസേന നടത്തിയ ബോംബിങിലാണ് സെഹ്‌റാന്‍ അല്ലൂശ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ 18 ബസ്സുകള്‍ ഇവിടെയെത്തിയതായും സായുധ പ്രതിപക്ഷമായ ജയ്ശുല്‍ ഇസ്‌ലാം നേതാവ് അല്ലൂശിന്റെ വധത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതായും ലബ്‌നാനിലെ ഹിസ്ബുല്ലയുടെ കീഴിലുള്ള അല്‍മനാര്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു.
ധാരണപ്രകാരം തങ്ങളുടെ നിയന്ത്രണ പ്രദേശങ്ങളില്‍ ക്യാംപുകളില്‍നിന്നു മാറ്റുന്നവര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്നു ജയ്ശ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, ധാരണ സംബന്ധിച്ചു സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലെന്നു സിറിയയിലെ ഫലസ്തീനികള്‍ക്കു വേണ്ടി ബ്രിട്ടിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി. 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതിനു പിന്നാലെ ഇവിടെനിന്നു പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്കായാണ് യര്‍മൂഖ് ക്യാംപ് നിര്‍മിച്ചത്. രണ്ടുലക്ഷം പേരാണ് ഇവിടെ അധിവസിക്കുന്നത്.
സിറിയന്‍ ആഭ്യന്തര സംഘര്‍ഷം യര്‍മൂഖിനെയും മോശമായി ബാധിച്ചിരിക്കുകയാണ്. സായുധ പ്രതിപക്ഷം ക്യാംപില്‍ പ്രവേശിച്ചതിനു പിന്നാലെ സിറിയന്‍ സര്‍ക്കാര്‍ 2012ല്‍ യര്‍മൂഖില്‍ ബോംബ് വര്‍ഷിക്കുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പിന്നാലെ, ക്യാംപിലേക്കുള്ള വഴികളില്‍ സൈന്യം ഉപരോധിച്ചതോടെ അന്തേവാസികള്‍ കടുത്ത മരുന്ന്, കുടിവെള്ള, ഭക്ഷണ, പാര്‍പ്പിട ദൗര്‍ലഭ്യം നേരിടുകയാണ്.
Next Story

RELATED STORIES

Share it