സിറിയന്‍ വിമതര്‍ പിന്‍വാങ്ങിത്തുടങ്ങി; ഹുംസില്‍ വെടിനിര്‍ത്തല്‍

ദമസ്‌കസ്: ഹുംസ് നഗരത്തില്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന അല്‍ വെയര്‍ ജില്ലയില്‍ നിന്നു സിറിയന്‍ വിമതര്‍ പിന്‍മാറി തുടങ്ങിയതായി സിറിയന്‍ യുദ്ധ നിരീക്ഷക സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. യുഎന്‍ മധ്യസ്ഥതയില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ പ്രകാരമാണിത്. ധാരണ പ്രകാരം ഹുംസ് നഗരത്തിന്റെ മുഴുവന്‍ നിയന്ത്രണവും സര്‍ക്കാരിനു കീഴിലാവും.
വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലേക്കാണ് വിമതര്‍ ചേക്കേറുന്നത്. 2011ല്‍ അസദിന്റെ സ്വേച്ഛാധിപത്യത്തിനെതിരേ ആദ്യമായി പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഹുംസ് വിപ്ലവ തലസ്ഥാനം എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. പോരാളികള്‍ക്കും അവരുടെ കുടുംബത്തിനും ഒഴിഞ്ഞുപോവാന്‍ നിരവധി ബസ്സുകള്‍ അല്‍ വെയറിലെത്തിയെന്നു സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ബുധനാഴ്ച പോരാളികളും സാധാരണക്കാരും ഉള്‍പ്പെടെ 800ഓളം പേര്‍ പ്രദേശം വിട്ടിട്ടുണ്ട്.
പിന്‍മാറിയവരില്‍ അല്‍ഖാഇദ ബന്ധമുള്ള പോരാളികളും ഉള്‍പ്പെടും. എന്നാല്‍, വെടിനിര്‍ത്തല്‍ അംഗീകരിച്ച വിപ്ലവകാരികള്‍ മേഖലയില്‍ തുടരുമെന്നാണ് കരുതുന്നത്. കരാര്‍ പ്രാബല്യത്തില്‍വന്നതോടെ ഒരു വര്‍ഷത്തിനിടെ ആദ്യമായി മേഖലയിലേക്ക് ഭക്ഷണവും മറ്റു സഹായങ്ങളും എത്തും. മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സിറിയന്‍ റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു.
ധാരണ പ്രകാരം ഹുംസില്‍ തടവിലുള്ള 35 പ്രതിപക്ഷ പോരാളികളെ സിറിയന്‍ ഭരണകൂടം മോചിപ്പിച്ചു. സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് മൂന്നുലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന അല്‍ വെയറില്‍ ഇപ്പോള്‍ 75000 പേരാണ് അവശേഷിക്കുന്നത്. അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിനു പ്രതിപക്ഷ കക്ഷികളുടെയും വിപ്ലവ പാര്‍ട്ടികളുടെയും സമ്മേളനം റിയാദില്‍ തുടരുകയാണ്. സിറിയന്‍ നേതൃത്വവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താനുള്ള സംയുക്തസമിതിക്ക് സമ്മേളനം രൂപം നല്‍കും. വിവിധ പാര്‍ട്ടികളെയും സംഘടനകളെയും സിവില്‍, സൈനിക വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 65 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it