സിറിയന്‍ പ്രതിസന്ധി; സമാധാനപദ്ധതിക്ക് യുഎന്‍ അംഗീകാരം

വാഷിങ്ടണ്‍: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം. ഇതുസംബന്ധിച്ച പ്രമേയം 15 അംഗ രക്ഷാസമിതി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം ഐകകണ്‌ഠ്യേന പാസാക്കി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയിലാണു ചര്‍ച്ച നടന്നത്.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനായി അസദ് സര്‍ക്കാരും വിമതരും തമ്മില്‍ ജനുവരി ആദ്യവാരം ചര്‍ച്ച നടത്തണം, ഇരുവിഭാഗങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ രക്ഷാസമിതി മുന്നോട്ടുവച്ചു. പ്രമേയത്തിനെതിരേ ആദ്യം എതിര്‍പ്പുയര്‍ത്തിയ റഷ്യ പിന്നീട് പിന്തുണച്ചു. ആറു മാസത്തിനകം രാജ്യത്ത് നിഷ്പക്ഷ സര്‍ക്കാര്‍ രൂപീകരിക്കും. 18 മാസത്തിനകം യുഎന്‍ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ പൊതുതിരഞ്ഞെടുപ്പ് നടത്താനും ധാരണയായി.
ബാരല്‍ ബോംബ് അടക്കമുള്ള നശീകരണായുധങ്ങള്‍ സിവിലിയന്‍മാര്‍ക്കു നേരെ പ്രയോഗിക്കരുത്. സന്നദ്ധ, സഹായ വാഹനങ്ങള്‍ക്ക് രാജ്യത്ത് നിരുപാധിക പ്രവേശനം ഉറപ്പാക്കല്‍, മെഡിക്കല്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കല്‍, മെഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കല്‍, തടങ്കലില്‍ കഴിയുന്ന മുഴുവന്‍പേരെയും മോചിപ്പിക്കല്‍ എന്നിവയാണ് ഉടന്‍ നടപ്പാക്കാനായി യുഎന്‍ മുന്നോട്ടുവയ്ക്കുന്ന മറ്റു നിര്‍ദേശങ്ങള്‍.
പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ കാര്യത്തില്‍ സമിതിയില്‍ രണ്ടഭിപ്രായം ഉയര്‍ന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അസദിനെ സ്ഥാനത്തുനിന്നു നീക്കണമെന്നഭിപ്രായപ്പെട്ടപ്പോള്‍ റഷ്യയും ചൈനയും വിരുദ്ധ നിലപാട് സ്വീകരിച്ചു. യുഎസിന്റെയും റഷ്യയുടെയും നേതൃത്വത്തില്‍ ഐഎസിനെതിരേ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരും.
ഒന്നരവര്‍ഷത്തിനുശേഷം സിറിയയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഐഎസ് സമാധാന ചര്‍ച്ചകളുടെ ഭാഗമായിരിക്കില്ല. സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നാഴികക്കല്ലാണ് യുഎന്‍ പദ്ധതിയെന്നും ജോണ്‍ കെറി അറിയിച്ചു. സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനു ശേഷമാണ് യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്.
Next Story

RELATED STORIES

Share it