സിറിയന്‍ പ്രതിസന്ധി; ഭിന്നത പരിഹരിക്കാന്‍ കെറി റഷ്യയില്‍

മോസ്‌കോ: ഭിന്നത അവസാനിപ്പിച്ച് സിറിയന്‍ സമാധാന ചര്‍ച്ചയ്ക്കു വഴിയൊരുക്കുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റഷ്യയിലെത്തി. സിറിയയുടെ കാര്യത്തില്‍ പൊതുവേദി രൂപീകരിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് കെറി മാധ്യമങ്ങളോട് പറഞ്ഞു.
സമാധാന ചര്‍ച്ചയില്‍ ഏതൊക്കെ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന വിഷയത്തിലാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള പ്രധാന ഭിന്നത. നിലവിലെ സിറിയന്‍ ഭരണകൂടം അധികാരമൊഴിഞ്ഞ ശേഷം രൂപീകരിക്കുന്ന പുതിയ സര്‍ക്കാരില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് സ്ഥാനമുണ്ടാവരുതെന്നാണ് അമേരിക്കയുടെയും കഴിഞ്ഞയാഴ്ച റിയാദില്‍ യോഗം ചേര്‍ന്ന അറബ് രാജ്യങ്ങളുടെയും നിലപാട്. എന്നാല്‍, അക്കാര്യം സിറിയന്‍ ജനത തീരുമാനിക്കട്ടെയെന്നു റഷ്യ പറയുന്നു. ബശ്ശാര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഇസ്‌ലാമിക പോരാളികള്‍ക്കെതിരേ ആക്രമണം തുടരുന്ന റഷ്യയുടെ മിസൈല്‍ പതിക്കുന്നത് പശ്ചാത്യ പിന്തുണയുള്ള വിമതര്‍ക്കു നേരെയാണെന്ന് ആരോപണമുണ്ട്. അമേരിക്ക ഐഎസിനെതിരേ ആക്രമണം നടത്തുന്നുണ്ടെങ്കിലും സിറിയന്‍ ഭരണകൂടവുമായി സഹകരിക്കുന്നില്ല.
ഇത്തരത്തില്‍ നിലവിലുള്ള ഭിന്നതകള്‍ പരിഹരിക്കുകയാണ് കെറിയുടെ സന്ദര്‍ശന ലക്ഷ്യം. ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയ കെറി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെയും കാണും.
Next Story

RELATED STORIES

Share it