സിറിയന്‍ പ്രതിസന്ധി; ഏഴിന സമാധാനപദ്ധതിയുമായി റഷ്യ

മോസ്‌കോ: സിറിയയിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കുന്നതിനു റഷ്യ ഏഴിന സമാധാന പദ്ധതി മുന്നോട്ടു വച്ചു. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ജനീവയില്‍ ഈ മാസം 13നു അന്താരാഷ്ട്ര ഉച്ചകോടി ആരംഭിക്കാനിരിക്കെയാണ് സമാധാന പദ്ധതിയുമായി റഷ്യ മുന്നോട്ട് വന്നത്. താല്‍ക്കാലിക സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ അസദ് ഘട്ടം ഘട്ടമായി അധികാരമൊഴിയണമെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ അസദ് വിഷയത്തില്‍ റഷ്യ നിലപാട് മാറ്റിയിരുന്നു.
ലബനാന്‍ ആഭ്യന്തരയുദ്ധം പരിഹരിക്കുന്നതിന് 1989ലുണ്ടാക്കിയ ത്വായിഫ് ധാരണയുമായി സാമ്യമുള്ളതാണ് റഷ്യ മുന്നോട്ട് വച്ച കരാറെന്നു രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റഷ്യന്‍ പദ്ധതി സിറിയന്‍ സായുധ പ്രതിപക്ഷത്തെ രണ്ടു വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. അസദുമായി ചര്‍ച്ചയ്ക്കു തയ്യാറുള്ളവരെ ഒന്നാം വിഭാഗത്തിലും യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നവരെ രണ്ടാം വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചര്‍ച്ചയ്ക്കു സന്നദ്ധതയുള്ളവരുമായി വെടിനിര്‍ത്തല്‍ ധാരണയുണ്ടാക്കാനും പ്രതിപക്ഷത്തിനു പുറത്തുനിന്നുള്ള ആയുധ ലഭ്യത പൂര്‍ണമായി ഇല്ലാതാക്കാനും പദ്ധതി നിര്‍ദേശിക്കുന്നു.
മുഴുവന്‍ തടവുകാര്‍ക്കും പൊതുമാപ്പ് നല്‍കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതി സംബന്ധിച്ച് പാശ്ചാത്യ ഭരണകൂടങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it