സിറിയന്‍ പൊതുമാപ്പില്‍ യുദ്ധക്കുറ്റവാളികളെ ഉള്‍പ്പെടുത്തില്ല: യുഎന്‍

ദമസ്‌കസ്: യുദ്ധക്കുറ്റങ്ങളിലെ പ്രതികള്‍ക്ക് പൊതുമാപ്പു നല്‍കില്ലെന്ന് യുഎന്‍. സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ നടക്കുന്ന ചര്‍ച്ചയിലാണ് യുഎന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഉപരോധം ഏര്‍പ്പെടുത്തി പൗരന്‍മാരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നടപടി വ്യക്തമായ യുദ്ധ കുറ്റവും മാനവരാശിക്കെതിരേയുള്ള കുറ്റകൃത്യമാണെന്നും യുഎന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ ചെയ്യുമെന്നും പൊതുമാപ്പു നല്‍കില്ലെന്നും സമാധാന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ വിഷയത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാവരെയും ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര ലക്ഷം പേരുടെ ജീവനപഹരിക്കുകയും ദശലക്ഷക്കണക്കിനു സാധാരണക്കാരെ ഭവന രഹിതരാക്കുകയും ചെയ്ത സിറിയന്‍ ആഭ്യന്തര യുദ്ധത്തിനു പരിഹാരം തേടിയുള്ള ജനീവ ഉച്ചകോടി തുടരുകയാണ്.
സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ യുഎന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറയുമായി കൂടിക്കാഴ്ച നടത്തും. തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് ഉച്ചകോടിക്കു മുമ്പ് പ്രതിപക്ഷം ഭീഷണി മുഴക്കിയിരുന്നു. മാനുഷിക ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് യുഎന്നിലെ സിറിയന്‍ അംബാസഡര്‍ ബഷര്‍ ജാഅഫരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it