സിറിയന്‍ നഗരമായ മദായയിലെ ഉപരോധം; 400 പേര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം- യുഎന്‍

ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും ഉപരോധിക്കുന്ന സിറിയന്‍ നഗരത്തില്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ട 400 പേരെ പുറത്തെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യുഎന്‍.
സിറിയക്കുള്ളില്‍ ഉപരോധിക്കപ്പെട്ട ലക്ഷക്കണക്കിന് സിവിലിയന്‍മാരെയും അവര്‍ക്കിടയിലെ പട്ടിണി മരണങ്ങളെയും കുറിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎന്‍ സഹായവിതരണ മേധാവി സ്റ്റീഫന്‍ ഒബ്രീനാണ് ആവശ്യമുന്നയിച്ചത്.
വിമത നിയന്ത്രണത്തിലുള്ള ലബ്‌നാന്‍ അതിര്‍ത്തി നഗരമായ മദായ മാസങ്ങളായി ഉപരോധത്തിനു കീഴിലാണ്.
മദായയിലെ 40,000ത്തോളം വരുന്ന നഗരവാസികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണമുള്‍പ്പെടെ അവശ്യസാമഗ്രികളുമായി യുഎന്‍ സന്നദ്ധസംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിനു ശേഷം ആദ്യമായാണ് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിക്കുന്നത്. പട്ടിണിമൂലം പ്രദേശവാസികള്‍ മരിച്ചുവീഴുകയാണെന്ന വിശ്വാസയോഗ്യമായ റിപോര്‍ട്ട് ലഭിച്ചതായി യുഎന്‍ അറിയിച്ചു. പോരാട്ടരംഗത്തുള്ള വിവിധ വിഭാഗങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ പ്രവേശിച്ചത്. യുഎന്‍ മേല്‍നോട്ടത്തില്‍ ഇദ്‌ലിബ് പ്രവിശ്യയിലെ അല്‍ഫോഅ, കഫ്‌രിയ പ്രദേശങ്ങളിലും യുഎന്‍ സഹായം എത്തിയിട്ടുണ്ട്.
സ്വന്തം ജനതയെ പട്ടിണിക്കിടുന്ന നീചമായ തന്ത്രമാണ് സിറിയന്‍ ഭരണകൂടം നടപ്പാക്കുന്നതെന്ന് യുഎന്നിലെ യുഎസ് പ്രതിനിധി സാമന്ത പവര്‍ പറഞ്ഞു. അങ്ങേയറ്റം ദുഃഖകരമായ ചിത്രമാണ് അവിടെ നിന്നു കിട്ടുന്നതെന്നും ദുരിതബാധിതരില്‍ മുലകുടിക്കുന്ന കുട്ടികളടക്കം ഉണ്ടെന്നും രണ്ടാം ലോകയുദ്ധത്തിന്റെ കാഴ്ചകളെയാണ് അവ ഓര്‍മപ്പെടുത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉപരോധം മൂലം പട്ടിണിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത മദായ പ്രദേശത്തിന്റെ കാര്യത്തില്‍ പ്രത്യേക യോഗം ചേരണമെന്ന ന്യൂസിലന്‍ഡിന്റെയും സ്‌പെയിനിന്റെയും അഭ്യര്‍ഥനമാനിച്ചാണ് യുഎന്‍ രക്ഷാസമിതി ചേര്‍ന്നതെന്ന് യുഎന്നിലെ ന്യൂസിലന്‍ഡ് പ്രതിനിധി ജെറാര്‍ഡ് വാന്‍ ബൊഹിമെന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉപരോധവും പട്ടിണിക്കിടലും സിറിയന്‍ സംഘര്‍ഷത്തിന്റെ അടയാളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it