Editorial

സിറിയന്‍ ദുരന്തത്തിന് അറുതിയാവുമോ?

ഒക്ടോബര്‍ അവസാനവാരം ജനീവയില്‍ അമേരിക്കയും റഷ്യയും തുര്‍ക്കി, സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയാണെങ്കില്‍ മേഖലയില്‍ തല്‍ക്കാലം സമാധാനം പുനസ്ഥാപിക്കുമെന്നു കരുതാവുന്നതാണ്. 2011ല്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ ദുര്‍ഭരണത്തിനെതിരേ ജനാധിപത്യശക്തികള്‍ തുടങ്ങിവച്ച പ്രക്ഷോഭമാണ് വന്‍ശക്തികളുടെയും മേഖലയിലെ മറ്റു രാജ്യങ്ങളുടെയും ഇടപെടല്‍ കാരണം രൂക്ഷ സായുധസംഘര്‍ഷമായി മാറിയത്. അതിനിടയില്‍ താരതമ്യേന സുഭിക്ഷമായ രാജ്യം പൂര്‍ണമായി തകര്‍ക്കപ്പെടുകയും പട്ടിണികിടക്കുന്ന പൗരന്മാര്‍ ഏറെയുള്ള ഒരു നാടായി മാറുകയും ചെയ്തു. പ്രധാന ഹേതു ബശ്ശാറുല്‍ അസദിന്റെ ന്യൂനപക്ഷ ഭരണം തന്നെയായിരുന്നു. ഏതാണ്ട് മൂന്നരലക്ഷംപേരാണ് ആഭ്യന്തരകലാപത്തില്‍ ഇതിനകം കൊല്ലപ്പെട്ടത്. 40 ലക്ഷം പേര്‍ ജീവഭയവും പട്ടിണിയും കാരണം രാജ്യത്തുനിന്നു പലായനം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ഥികളെപ്പറ്റി വേവലാതിപ്പെടുന്നതിന് എത്രയോ മുമ്പുതന്നെ ലബ്‌നാന്‍, തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ അനേകസഹസ്രം അഭയാര്‍ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തുവരുന്നുണ്ട്.
2003ല്‍ യുഎസും സഖ്യരാഷ്ട്രങ്ങളും ഇറാഖ് കീഴ്‌പ്പെടുത്തിയതാണ് ഈ ദുരന്തത്തിലേക്കുള്ള രാജപാതയൊരുക്കിയത് എന്നതു നിസ്തര്‍ക്കമാണ്. ഇറാഖി ജനതയെ ശിയാ-സുന്നി-കുര്‍ദ് എന്നിങ്ങനെ വേര്‍തിരിച്ച് ആഭ്യന്തര ഭിന്നിപ്പിന് യുഎസ് ഊര്‍ജം പകര്‍ന്നപ്പോള്‍ ഉയര്‍ന്നുവന്നതാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള സംഘടനകള്‍.
സിറിയയില്‍ ഇസ്‌ലാമിക ജനാധിപത്യസംഘടനകള്‍ ഏതാണ്ട് വിജയത്തിന്റെ വക്കിലെത്തിയപ്പോഴാണ്, യുഎസും അറബ് രാഷ്ട്രങ്ങളും ഇറാനും, തങ്ങള്‍ക്ക് വഴങ്ങുന്ന സായുധസംഘങ്ങളെ സഹായിച്ചുകൊണ്ട് താരതമ്യേന ഉദാരമായ ഒരു ഭരണം ദമസ്‌കസില്‍ നിലവില്‍ വരുന്നത് തടഞ്ഞത്. ബശ്ശാറുല്‍ അസദിനാവട്ടെ ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ അത് ഏറെ സഹായകമാവുകയും ചെയ്തു. റഷ്യയുടെ ഇടപെടലും വ്യോമാക്രമണവുമാണ് ഇപ്പോള്‍ സംഘര്‍ഷം മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നത്.
ബശ്ശാറുല്‍ അസദിനെ നിലനിര്‍ത്തി ഒരൊത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതായത് സിറിയന്‍ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം നവകൊളോണിയല്‍ ശക്തികള്‍ക്കും അയല്‍പക്കരാജ്യങ്ങള്‍ക്കും വഴങ്ങുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ രാജിയായി ബശ്ശാറിന്റെ ചോരയിറ്റുന്ന കൈ പിടിച്ചുകുലുക്കും. മൊത്തം ജനസംഖ്യയില്‍ പാതിയെങ്കിലും പലായനം ചെയ്യപ്പെട്ട രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ താന്‍ ഒരുക്കമാണെന്നാണ് മോസ്‌കോ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചുവന്ന ബശ്ശാര്‍ പ്രഖ്യാപിച്ചത്. ചില കാഴ്ചപ്പണ്ടങ്ങള്‍ നേതൃത്വംകൊടുക്കുന്ന പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രഹസനം ഭംഗിയാക്കുന്നതിനു സഹായിക്കുമെന്നാണ് കരുതേണ്ടത്. അതായത്, സോമാലിയയിലും ഈജിപ്തിലും നിലവിലുള്ള ജനാധിപത്യത്തിന്റെ സിറിയന്‍ പതിപ്പാണ് അടുത്തുതന്നെ ജനീവയില്‍ രചിക്കാന്‍ പോവുന്നത്.
Next Story

RELATED STORIES

Share it