സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കാനഡയില്‍ ഊഷ്മള സ്വീകരണം

ഒട്ടാവ: യുഎസില്‍ മുസ്‌ലിം അഭയാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുമ്പോള്‍, കാനഡയിലെത്തിയ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ നേരിട്ട് വിമാനത്താവളത്തിലെത്തി. ടൊറോന്റോസ് പിയേഴ്‌സണ്‍ രാജ്യന്തര വിമാനത്താവളത്തിലെത്തിയ ആദ്യ അഭയാര്‍ഥി സംഘത്തെ സ്വീകരിക്കാന്‍ കനേഡിയന്‍ മന്ത്രിമാരുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു.

ആരോഗ്യമന്ത്രി, കുടിയേറ്റകാര്യമന്ത്രി, പ്രതിരോധമന്ത്രി, ഒതാരിയോ അധ്യക്ഷ കാത്‌ലീന്‍ വിന്നി, ടൊറോന്റോ മേയര്‍ ജോണ്‍ ടോറി, പ്രതിപക്ഷനേതാക്കള്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. 163 അഭയാര്‍ഥികളാണ് സൈനിക വിമാനത്തില്‍ ഇന്നലെ കാനഡയിലെത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ 25,000 സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. അഭയാര്‍ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കാനഡ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറായത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും 10 പ്രവിശ്യാ ഗവര്‍ണര്‍മാരുടെയും അംഗീകാരത്തോടെയാണ് കനഡയുടെ പുതിയ നീക്കം.  വാര്‍ത്ത കനേഡിയന്‍ പത്രങ്ങളും ആഘോഷമാക്കി. പാരിസ്, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ ഐഎസ് ആക്രമണങ്ങള്‍ക്കു ശേഷം പല റിപബ്ലിക്കന്‍ സര്‍ക്കാരുകളും സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് കാനഡ ഇവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനമൊഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.
Next Story

RELATED STORIES

Share it