Flash News

സിറാജുന്നീസ ഓര്‍മയായിട്ട് 26 വര്‍ഷം

സ്വന്തം  പ്രതിനിധി

പാലക്കാട്: സിറാജുന്നീസയെന്ന 11കാരിയെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 26 വര്‍ഷം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സിറാജുന്നീസയ്ക്കു നേരെ കേരള പോലിസ് നിറയൊഴിച്ചത്. അന്ന് ഡിഐജിയായി വെടിവയ്പിനു നേതൃത്വം നല്‍കിയ രമണ്‍ ശ്രീവാസ്തവ ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേശകനായി ഭരണതലപ്പത്തുണ്ട്.  1991 ഡിസംബര്‍ 15ന് വൈകീട്ടാണ് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നീസ പിടഞ്ഞുവീണത്. കൊല്ലപ്പെട്ട സിറാജുന്നീസയെ ഒന്നാംപ്രതിയാക്കിയാണ് കേരള പോലിസ് കേസെടുത്തത് എന്നതില്‍ തുടങ്ങുന്നു നീതിനിഷേധം. അത് ഇന്നും തുടരുന്നു. വെടിവയ്പിനു നേതൃത്വം നല്‍കിയവര്‍ക്കോ കലാപത്തിന് തീക്കൊളുത്തിയ സംഘപരിവാരത്തിനോ ഒരു നഷ്ടവും ഉണ്ടായില്ല. ജീവനും സമ്പത്തും നഷ്ടമായത് ഒരുവിഭാഗത്തിനു മാത്രം. അന്നത്തെ സംഘപരിവാര തീപ്പൊരിനേതാവായിരുന്ന മുരളീമനോഹര്‍ ജോഷി നയിച്ച ഏകതായാത്ര കടന്നുപോയ ശേഷമാണ് വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്. കലാപം ലക്ഷ്യമിട്ട് സംഘടിച്ച ആര്‍എസ്എസിന് മണ്ണൊരുക്കുന്ന പ്രവൃത്തിയായിരുന്നു പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. പരമതവിദ്വേഷം വിതയ്ക്കുന്ന മുദ്രാവാക്യങ്ങളുമായി മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മേപ്പറമ്പിലേക്ക് ആര്‍എസ്എസുകാര്‍ പ്രകടനവുമായെത്തുകയായിരുന്നു. സംഘര്‍ഷാവസ്ഥ കാരണം പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കു ലംഘിച്ച് ജാഥ മുന്നോട്ടുപോയെങ്കിലും പോലിസ് തടയുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഘോഷയാത്രയ്ക്കു നേരെ കല്ലേറ് നടന്നതായി നുണപ്രചാരണം നടന്നു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ശനിയാഴ്ച സംഘപരിവാര പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പോലിസ് അതിന് അനുമതിയും നല്‍കി. മേപ്പറമ്പില്‍ മുസ്‌ലിംകളും മറുഭാഗത്ത് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും തടിച്ചുകൂടി. മധ്യത്തില്‍ പോലിസും നിലയുറപ്പിച്ചു. അതിനാല്‍ അന്നു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിറ്റേദിവസം ഡിസംബര്‍ 15ന് രാവിലെ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകനു മര്‍ദനമേറ്റു. അതോടെ വ്യാപകമായതോതില്‍ കള്ളപ്രചാരണം നടന്നു. വലിയങ്ങാടിയിലെ മുസ്‌ലിം കടകള്‍ ആര്‍എസ്എസുകാര്‍ തിരഞ്ഞുപിടിച്ച് കൊള്ളയടിച്ചു. ചരക്കുകളൊക്കെയും കലാപകാരികളും പോലിസുകാരും കടത്തിക്കൊണ്ടുപോയി. അക്രമികളെ തുരത്തേണ്ട പോലിസ് മുസ്്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലെത്തി കണ്ണില്‍കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വരെ മര്‍ദിച്ചു. ഒടുക്കം മേപ്പറമ്പിലും പുതുപ്പള്ളിത്തെരുവിലും പോലിസ് വെടിവയ്പും നടത്തി. ഇതിനിടയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സിറാജുന്നീസയ്ക്ക് വെടിയേറ്റത്. ആശുപത്രിയിലെത്തിക്കാനുള്ള ബന്ധുക്കളുടെ ശ്രമം പോലും പോലിസ് തടഞ്ഞു.
Next Story

RELATED STORIES

Share it