സിയാലിന്റെ സൗരോര്‍ജ പദ്ധതിക്ക് യുഎന്‍ അംഗീകാരം പരിഗണനയില്‍

കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(സിയാല്‍) സൗരോര്‍ജ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം നല്‍കുന്ന കാര്യം പരിഗണനയിലെന്ന് യുഎന്‍ രാജ്യാന്തര പരിസ്ഥിതി മേധാവി എറിക് സോല്‍ഹെം. സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന നിലയില്‍ സിയാലിനെ അംഗീകരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് സന്തോഷമുണ്ട്. വന്‍തോതില്‍ ഊര്‍ജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളില്‍ പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്നതില്‍ സിയാല്‍ മറ്റുള്ളവര്‍ക്കു മാതൃക കാണിച്ചുകൊടുത്തു. സിയാലിന്റെ ഈ മാതൃക മറ്റു വിമാനത്താവളങ്ങള്‍ക്കു മാത്രമല്ല, രാജ്യങ്ങള്‍ക്കു തന്നെ പിന്തുടരാവുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ ബെയ്ജിങ് എയര്‍പോര്‍ട്ടും ഏക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടന(യുഎന്‍ഇപി)യും തമ്മില്‍ സുസ്ഥിര വികസന സംരംഭത്തിനായി കരാര്‍ ഒപ്പുവച്ചിരുന്നു. മാലിന്യസംസ്‌കരണം മുതല്‍ ഊര്‍ജോല്‍പാദനം വരെ വിവിധതലങ്ങളില്‍ ഇരുസ്ഥാപനങ്ങളും യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ നേരിട്ട് അംഗീകാരം നല്‍കിയിട്ടുള്ള ഒരേയൊരു വിമാനത്താവളമാണിത്. ബെയ്ജിങ് വിമാനത്താവളവുമായുള്ള സഹകരണം സിയാലിലും നടപ്പാക്കുന്നതിനെക്കുറിച്ച് യുഎന്‍ഇപി ആലോചിക്കുന്നുണ്ട്. സൗരോര്‍ജ പാനലുകള്‍ക്കിടയില്‍ ജൈവകൃഷി നടത്തുന്ന സിയാലിന്റെ പദ്ധതി ഏറെ പുതുമയുള്ളതാണ്. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നു. ഈ മാതൃക ലോകത്താകെ പ്രചരിപ്പിക്കുന്ന കാര്യം യുഎന്‍ഇപി പരിഗണിക്കുന്നുണ്ട്.
ലോകത്താകെ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുകയാണ്. സമുദ്രങ്ങളില്‍ ആയിരക്കണക്കിന് അടി താഴെ വരെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെയുള്ള വിപത്താണ് ഫോസില്‍ ഇന്ധനങ്ങള്‍ സൃഷ്ടിക്കുന്നത്. ഹരിത ഊര്‍ജ ഉല്‍പാദനമാണ് ഈ മാലിന്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്. സിയാല്‍ നടപ്പാക്കുന്നതുപോലുള്ള ഹരിതപദ്ധതികളില്‍ ഐക്യരാഷ്ട്രസഭ പ്രത്യേക താല്‍പര്യം കാണിക്കുന്നത് ഈ പശ്ചാത്തലത്തിലാണെന്നും എറിക് സോല്‍ഹെം പറഞ്ഞു.
സിയാലിന്റെ ഹരിത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഐക്യരാഷ്ട്രസഭ കാണിക്കുന്ന താല്‍പര്യത്തില്‍ അഭിമാനമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ പറഞ്ഞു. യുഎന്‍ഇപി റീജ്യനല്‍ ഡയറക്ടര്‍ ഡെഷന്‍ സെറിങ്, ഇന്ത്യ ചീഫ് അതുല്‍ ബഗായ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ജനറല്‍ മാനേജര്‍ ജോസ് തോമസ്, സിഎഫ്ഒ സുനില്‍ ചാക്കോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it