Flash News

സിമി പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ക്ക് പീഡനം : അന്വേഷണത്തിന് ഉത്തരവ്‌

സിമി പ്രവര്‍ത്തകരെന്ന്  സംശയിക്കുന്നവര്‍ക്ക്  പീഡനം : അന്വേഷണത്തിന് ഉത്തരവ്‌
X


ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട സിമിയിലെ അംഗങ്ങളെന്നാരോപിച്ച് ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കിയവരെ പീഡിപ്പിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. കമ്മീഷന്റെ സ്വന്തം അന്വേഷണസംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞവര്‍ഷം വിചാരണത്തടവുകാരായ എട്ടുപേര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷം ബാക്കിയുള്ള തടവുകാര്‍ക്ക് നേരെ പീഡനങ്ങള്‍ തുടങ്ങിയെന്നാണ് ആരോപണം. ആരോപണം സംബന്ധിച്ച് കമ്മീഷന്റെ എസ്എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി എത്രയും വേഗം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തടവുകാരുടെ എട്ട് ബന്ധുക്കള്‍, എന്‍ജിഒകളിലേയും പൊതുസമൂഹത്തിലെയും ചില അംഗങ്ങള്‍ എന്നിവരടങ്ങിയ നിവേദക സംഘമാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്.മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച നിവേദനത്തില്‍ കവിത ശ്രീവാസ്തവ, എന്‍ ഡി പഞ്ചോളി (പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്), മനീഷ സേഥി (ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍) എന്നിവരും ഇന്നസന്‍സ് നെറ്റ്‌വര്‍ക്കിലെയും ക്വില്‍ ഫൗണ്ടേഷന്‍, പീപ്പിള്‍സ് വാച്ച് എന്നീ സംഘടനകളിലെയും അംഗങ്ങള്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ലെ വ്യാജ ഏറ്റുമുട്ടലില്‍ ഏട്ടുപേര്‍ കൊല്ലപ്പെട്ടതിനു ശേഷം തടവുകാര്‍ക്ക് മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്നാണ് ആക്ഷേപം. സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 29 പേരായിരുന്നു ജയിലിലുണ്ടായിരുന്നത്. ഇവരില്‍ എട്ടുപേര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ജയിലിലെ സുരക്ഷാ ഭടനെ വധിച്ച് രക്ഷപ്പെടുകയായിരുന്ന തടവുകാരെ പോലിസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് മധ്യപ്രദേശ് പോലിസ് അവകാശപ്പെടുന്നത്. ആ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അഞ്ചു മിനിറ്റ് മാത്രമേ അനുവദിക്കുന്നുള്ളൂ എന്നും തങ്ങളുടെ താടി രോമങ്ങള്‍ ബലം പ്രയോഗിച്ച് മുറിക്കുകയും ഇസ്‌ലാം വിരുദ്ധ വാചകങ്ങള്‍ ഉരുവിടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിക്കുന്നതായും തടവുകാര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജയിലില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും തടവുകാര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it