Flash News

സിമി തടവുകാരുടെ കൊല: ന്യായീകരിച്ച് ജുഡീഷ്യല്‍ റിപോര്‍ട്ട്‌

ഭോപാല്‍: ഭോപാലില്‍ സിമി പ്രവര്‍ത്തകരായ എട്ടു വിചാരണത്തടവുകാരെ വെടിവച്ചുകൊന്ന നടപടിയെ ന്യായീകരിച്ച് ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട്. 2016 ഒക്ടോബര്‍ 31നാണ് ജയില്‍ ചാടിയെന്നാരോപിച്ച് എട്ടുപേരെ ഭോപാലിലെ ഒരു കുന്നിന്‍മുകളില്‍ വച്ച് പോലിസ് വെടിവച്ച് കൊല്ലുന്നത്.
വിരമിച്ച ഹൈക്കോടതി ജഡ്ജി എസ് കെ പാണ്ഡെ 2017 സപ്തംബറില്‍ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭയിലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ജയില്‍ ചാടിയവര്‍ പോലിസിനും ജനങ്ങള്‍ക്കും നേരെ വെടിയുതിര്‍ത്തതിനാല്‍ തിരികെ വെടിവയ്ക്കുകയായിരുന്നെന്നും ഏറ്റുമുട്ടല്‍ നടന്നെന്നുമായിരുന്നു പോലിസ് പറഞ്ഞത്.
രമാശങ്കര്‍ എന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ തടവുകാര്‍ ജയിലില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. ഇത് തടഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ കഴുത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അറുത്തു. താക്കോലുപയോഗിച്ച് അഴിതുറന്ന പ്രതികള്‍ ഏണി ഉപയോഗിച്ച് ജയില്‍മതില്‍ ചാടുകയായിരുന്നു. മതിലിന്റെ നീളം കുറവായിരുന്നത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു. അതുകൊണ്ടു തന്നെ മതിലിന്റെ നീളം കൂട്ടണമെന്നും കമ്മീഷന്‍ റിപോര്‍ട്ടിലുണ്ട്.
എന്നാല്‍, താക്കോല്‍ എവിടെ നിന്നു ലഭിച്ചെന്നതും ജയിലിലെ സിസിടിവി ദൃശ്യങ്ങളെ സംബന്ധിച്ചും റിപോര്‍ട്ടില്‍ ഒന്നും പറഞ്ഞിട്ടില്ല. തുടര്‍ന്നു നടന്ന തിരച്ചിലില്‍ ഇവരെ കണ്ടെത്തിയപ്പോള്‍ പോലിസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൊല്ലപ്പെട്ടവര്‍ അത് നിരസിച്ചിരുന്നു.
തടവുകാര്‍ വിവിധ വകുപ്പുകളില്‍ ജയിലിലടയ്ക്കപ്പെട്ടവരാണെന്നും കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇവരുടേതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഭോപാല്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സിമി പ്രവര്‍ത്തകര്‍ 2016 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ മൂന്നോടെ ജയില്‍ ചാടിയെന്നാണ് പോലിസ് പറയുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ സംഘം ജയിലില്‍ നിന്നു രക്ഷപ്പെട്ടു. ഇവര്‍ ഒളിച്ചിരുന്ന സ്ഥലം പോലിസ് കണ്ടെത്തുകയും ഏറ്റുമുട്ടല്‍ നടന്നെന്നുമാണ് പോലിസ് അറിയിച്ചത്.
എന്നാല്‍, നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഐസ്ഒ അംഗീകാരം നേടിയ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലില്‍ നിന്ന് ഇവര്‍ പുറത്തു കടന്നെന്ന കഥ അവശ്വസനീയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജയില്‍ ചാടിയതിനു ശേഷം 10 കിലോമീറ്ററോളം സംഘം ചേര്‍ന്ന് നടന്നിട്ടും പോലിസിന് പിടികൂടാന്‍ കഴിയാതിരുന്നത് സംശയമുണ്ടാക്കുന്നെന്നും വാദങ്ങളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it