സിമി കേസ്: നസ്മാബിക്ക് ജാമ്യം

ന്യൂഡല്‍ഹി: ബിജെപി ഭരണകാലത്ത് നിരോധിച്ച സ്റ്റുഡ ന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ജയിലിലടച്ച 58കാരി നസ്മാബിക്ക് രണ്ടര വര്‍ഷത്തിനു ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റം ചാര്‍ത്തിയാണ് നസ്മാബി എന്ന വിധവയെ 2016 ഫെബ്രുവരിയില്‍ ഒഡീഷ പോലിസ് അറസ്റ്റ് ചെയ്തു റൂര്‍ഖേല ജയിലിലടച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 121, സമാനമായ യുഎപിഎ ആക്റ്റിലെ സെക്ഷന്‍ 148 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചാര്‍ത്തിയിരുന്നത്.
2013ല്‍ മധ്യപ്രദേശിലെ കാണ്ഡുവ ജയിലില്‍ നിന്ന് ഇവരുടെ ഏക മകന്‍ മഹ്ബൂബ് ജയില്‍ ചാടിയെന്നാരോപിച്ചാണ് മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ പോലിസ് സംയുക്തമായി വീട് റെയ്ഡ് ചെയ്ത് നസ്മാബിയെ അറസ്റ്റ് ചെയ്തത്. നേരത്തേ വിചാരണക്കോടതിയും കഴിഞ്ഞ വര്‍ഷം അവസാനം ഒഡീഷ ഹൈക്കോടതിയും ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
മനുഷ്യാവകാശ സംഘടനകളായ എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, എച്ച്ആര്‍എല്‍എന്‍ എന്നീ സംഘടനകളാണ് ഇവര്‍ക്കു നിയമസഹായം നല്‍കിയിരുന്നത്.
നസ്മാബിക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ കോളിന്‍ ഗോന്‍സാല്‍വ്‌സ്, മുഹമ്മദ് മുബിന്‍ അഖ്താര്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it