സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കെതിരേ ആറു കേസുകളില്‍ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ ആറ് കേസുകളില്‍ സിബിഐയുടെ തന്നെ അന്വേഷണം. അസ്താന അന്വേഷിക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്ത ആറു കേസുകളില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയെന്ന കേസിലാണ് സിബിഐ സ്വന്തം ജോയിന്‍ ഡയറക്ടര്‍ക്കെതിരേ അന്വേഷണം നടത്തുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതി ദീപേഷ് ചന്ദകിനെ രക്ഷപ്പെടാന്‍ സഹായിച്ച കേസ്, 5,300 കോടി വായ്പയെടുത്ത ഗുജറാത്ത്് വ്യവസായി സ്റ്റര്‍ലിങ് ബയോടെക് ഉടമ നിതിന്‍ ജയന്തിലാലിനെ ഇന്ത്യയില്‍ നിന്നും പിന്നീട് യുഎഇയില്‍ നിന്നും കടക്കാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍, മാധ്യമപ്രവര്‍ത്തകന്‍ ഉപേന്ദ്ര റായിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍, ചാണക്യപുരിയിലെ പാലിക സര്‍വീസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് അസ്താനയ്‌ക്കെതിരേ അന്വേഷിക്കുന്നത്.
1984 ബാച്ച് ഗുജറാത്ത് കാഡര്‍ ഐപിഎസുകാരനായ അസ്താന മോദിയുടെ സ്വന്തക്കാരനാണ്. 2002ലെ ഗോദ്ര തീവണ്ടി തീവയ്പു കേസ് അന്വേഷിച്ചതും അസ്താനയായിരുന്നു.
കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ അറസ്റ്റിലായ ദീപേഷ് ചന്ദക് കേസില്‍ മാപ്പുസാക്ഷിയായിട്ടുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ചന്ദകിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളിപ്പോള്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ മേല്‍നോട്ടത്തില്‍ സിബിഐ കസ്റ്റഡിയിലാണുള്ളത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റക്കേസിലെ ഒരു ഉപ കേസാണ് ചന്ദകിനെതിരേയുള്ളത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് വാടകയ്ക്ക് നല്‍കിയ കെട്ടിടം വാടക കാലാവധി നീട്ടിക്കിട്ടാന്‍ ചന്ദക് ഫുഡ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയതായാണ് കേസ്. ഫുഡ് കോര്‍പറേഷന്‍ എജിഎം കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് ചന്ദകിന്റെ അറസ്റ്റ്. സിബിഐയുടെ അഴിമതിവിരുദ്ധ യൂനിറ്റാണ് കേസ് അന്വേഷിച്ചിരുന്നത്.
നേരത്തെ ചന്ദകിനെ ചോദ്യംചെയ്യാന്‍ സിബിഐ വിളിപ്പിച്ചിരുന്നു. ഇതിനായി ഇയാളെയും കൊണ്ട് സിബിഐ ഉദ്യോഗസ്ഥന്‍ കൊല്‍ക്കത്തയില്‍ എത്തി. ചന്ദകിന്റെ കാറില്‍ തന്നെയായിരുന്നു യാത്ര. വഴിയില്‍ വച്ച് അസുഖം അഭിനയിച്ച ചന്ദക് ഉദ്യോഗസ്ഥനെ പുറത്തിറക്കി കാറോടിച്ചു കടന്നു.
കാറില്‍ ഉദ്യോഗസ്ഥന്റെ ബാഗുമുണ്ടായിരുന്നു. ഇതിനിടെ ബാഗ് കൊല്‍ക്കത്ത സിബിഐ ആസ്ഥാനത്തെത്തി. ഈ യാത്രയ്ക്കിടെ അസ്താനയുമായുള്ള ബന്ധം ഇയാള്‍ സൂചിപ്പിച്ചിരുന്നു. സ്റ്റര്‍ലിങ് ബയോടെക് കേസില്‍ സന്ദേശാരയെ യുഎഇയില്‍ നിന്ന് നൈജീരിയയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് അസ്താനയാണെന്നാണ് ആരോപണം. ഈ കേസ് അന്വേഷിക്കുന്നത് അസ്താനയാണെന്ന് സിബിഐ വിജിലന്‍സിനെ അറിയിച്ചിരുന്നു.
സന്ദേശാരയെ ചെറിയൊരു കേസിന്റെ പേരില്‍ ആഗസ്ത് 15ന് യുഎഇ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ അറസ്റ്റ് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ യുഎഇ അധികൃതര്‍ക്ക് കത്തയച്ചു. എന്നാല്‍ അദ്ദേഹം ഗള്‍ഫ് നാടുകളിലെവിടെയും ഇല്ലെന്ന വിവരമാണ് ലഭിച്ചത്.
അസ്താന ഇടപെടല്‍ വൈകിച്ചുവെന്നാണ് ആരോപണം. വഡോദര ആസ്ഥാനമായുള്ള സ്‌റ്റെര്‍ലിങ് ബയോടെക് സന്ദേശാരയും സഹോദരന്‍ ചേതന്‍ ജയന്ത്‌ലാലും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണ്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
ആന്ധ്രാ ബാങ്കില്‍ നിന്ന് 5,383 കോടി കടമെടുത്ത് മുങ്ങിയ കേസില്‍ സഹോദരനും പ്രതിയാണ്. ചേതന്‍ ജയന്ത്‌ലാ്‌ലിനെ 2017 ഒക്ടോബറില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ കാണാതായിരുന്നു. അതോടൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഇരുവരും പ്രതികളാണ്.

Next Story

RELATED STORIES

Share it