സിബിഐ പ്രതിസന്ധി; സുപ്രിംകോടതിയുടെ കടിഞ്ഞാണ്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍സ്ഥാനത്തു നിന്ന് നീക്കിയ അലോക് വര്‍മയ്‌ക്കെതിരായ അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി. അലോക് വര്‍മയ്‌ക്കെതിരേ കേന്ദ്ര കാബിനറ്റ് സെക്രട്ടറി തയ്യാറാക്കിയ നോട്ടിലെ ആരോപണങ്ങളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കുക.
അലോക് വര്‍മയ്‌ക്കെതിരേയുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ 23ന് ഇറക്കിയ ഉത്തരവില്‍ ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചത്തെ സമയം വേണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളി. വര്‍മയ്‌ക്കെതിരായ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന കാര്യം മാത്രമാവും ഈ ഘട്ടത്തില്‍ അന്വേഷിക്കുക.
സുപ്രിംകോടതി മുന്‍ ജഡ്ജി എ കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയമില്ലെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുന്‍ ജഡ്ജിയുടെ മേല്‍നോട്ടം ഏര്‍പ്പെടുത്തിയതെന്നും സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചത്തെ സമയം വേണമെന്ന് സിവിസിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജ്യത്തിന്റെ നന്മയ്ക്കായി ഈ വിഷയം നീട്ടിക്കൊണ്ടുപോവാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡയറക്ടര്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ അത് സിവിസി പരിശോധിക്കണമെന്നും പത്തു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിയമമെന്നും വ്യക്തമാക്കിയാണ് സിവിസിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളിയത്.
ഇടക്കാല ഡയറക്ടറായി നിയമിതനായ എം നാഗേശ്വര്‍ റാവു ഇക്കാലയളവില്‍ നയപരമായ വലിയ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. റാവു ഇതുവരെ എടുത്ത തീരുമാനങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറണം. സിബിഐയിലെ 13 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ തീരുമാനവും കോടതി പരിശോധിക്കും.
നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. അതിനകം മുദ്രവച്ച കവറില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. പ്രാഥമിക റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ നിശ്ചയിക്കുമെന്ന് കോടതി വ്യക്തമാക്കി. അലോക് വര്‍മയും കോമണ്‍കോസ് എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹരജികളില്‍ കേന്ദ്രസര്‍ക്കാരിനും സിവിസിക്കും കോടതി നോട്ടീസയച്ചു.
അതേസമയം, അവധിയില്‍ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ അഭിഭാഷകനായിരുന്ന അമിത് ആനന്ദ് തിവാരിയാണ് അസ്താനയ്ക്കു വേണ്ടി ഹരജി ഫയല്‍ ചെയ്തത്. അലോക് വര്‍മയ്ക്കുവേണ്ടി ഹാജരായ ഫാലി നരിമാന്‍, സിവിസി നിയമത്തിലെയും ഡല്‍ഹി പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിലെയും വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് വാദിച്ചത്. വിനീത് നാരായണ്‍ വിധിയിലൂടെ സിബിഐ മേധാവിക്ക് രണ്ടു വര്‍ഷത്തെ സേവന കാലാവധിയുണ്ടെന്നും അതിനു വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടിയെന്നും അദ്ദേഹം വാദിച്ചു. കാബിനറ്റ് സെക്രട്ടറി തയ്യാറാക്കിയ നോട്ടിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മയോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശിക്കാനാവില്ലെന്നും നരിമാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it