Flash News

സിബിഐ കണ്ടെത്തലുകളില്‍ പൂര്‍ണവിശ്വാസം : മറിയുവും ഫസലിന്റെ സഹോദരിയും



കണ്ണൂര്‍: ഫസല്‍ വധക്കേസ് അന്വേഷിക്കുന്ന സിബിഐയുടെ കണ്ടെത്തലുകളില്‍ പൂര്‍ണ വിശ്വാസമാണെന്ന് ഫസലിന്റെ വിധവ സി എച്ച് മറിയുവും സഹോദരി മുഴപ്പിലങ്ങാട് സ്വദേശിനി റംലയും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷ് പോലിസ് കസ്റ്റഡിയില്‍ നല്‍കിയ മൊഴിയുടെയും അതു നിഷേധിച്ചുകൊണ്ടു ള്ള വാര്‍ത്താസമ്മേളനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇരുവരും മാധ്യമങ്ങളോടു സംസാരിച്ചത്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. സിബിഐയുടെ അന്വേഷണത്തില്‍ അതൃപ്തിയോ സംശയമോ ഇല്ല. മൂത്ത സഹോദരന്‍ അബ്ദുറഹ്്മാന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് അനുജന്‍ അബ്ദുല്‍ സത്താര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയതെന്നു സഹോദരി റംല പറഞ്ഞു. റഹ്മാനിക്ക പാര്‍ട്ടിക്കു വേണ്ടി എന്തും ചെയ്യും. വേണമെങ്കില്‍ എന്നെ കൊല്ലാനും മടിക്കില്ല. സിപിഎം കേന്ദ്രത്തിലാണ് അവര്‍ താമസിക്കുന്നത്. പാര്‍ട്ടിക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നുണ്ട്. കാരായിമാരെ രക്ഷിക്കാന്‍ അവരുടെ സമ്മര്‍ദം കാരണമാണു പുനരന്വേഷണ ഹരജി നല്‍കിയത്. കേസന്വേഷണത്തില്‍ ഇതുവരെ ഒരു സഹായവും ചെയ്യാത്ത സഹോദരങ്ങളാണ് ഇപ്പോള്‍ രംഗത്തുവന്നത്. കുട്ടിയെക്കുറിച്ച് ഒന്ന് അന്വേഷിക്കുകപോലും ചെയ്യാറില്ല. സത്താറിനെ കുടുക്കിയതാണ്. പിണറായിയിലാണ് അവരുടെ താമസം. കേസ് നടക്കുമ്പോഴെല്ലാം അവന്‍ വിദേശത്തായിരുന്നു. ഇപ്പോള്‍ അവന്‍ ആകെ പേടിച്ചുകഴിയുകയാണ്. വിളിച്ചിട്ട് ഫോ ണ്‍ പോലും എടുക്കുന്നില്ല. കേസിന്റെ ഗൗരവംപോലും അറിയാതെയാണ് അവന്‍ ഏട്ടനൊപ്പം പോയത്. പോലിസ് മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന സുബീഷിന്റെ വാദം സത്യമാണ്.- റംല പറഞ്ഞു.കൊലപാതകത്തിനു പിന്നില്‍ സിപിഎം തന്നെയാണെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. കൊടി സുനിക്കും കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇതില്‍ മുഖ്യ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയതാണ്. സിബിഐ അന്വേഷണം കൃത്യമായ വഴിയിലൂടെയാണു സഞ്ചരിച്ചത്. സംഭവം നടന്നശേഷം തലശ്ശേരി ഡിവൈഎസ്പി രാധാകൃഷ്ണനും സംഘവും നടത്തിയ അന്വേഷണത്തില്‍ തന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതും ആക്രമിച്ചതും. ഒരു ഭീഷണിക്കും താന്‍ വഴങ്ങുകയോ വശംവദയാവുകയോ ചെയ്യില്ല. ഏതു ഭീഷണിയെയും നേരിടും. അതിനുള്ള കരുത്തുണ്ട്. എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് കേസന്വേഷണം നടത്തിയതും പ്രതിപ്പട്ടിക തയ്യാറാക്കിയതും. യഥാര്‍ഥ പ്രതികള്‍ ആരെന്നു കണ്ടെത്തി കേസ് കോടതിയില്‍ നില്‍ക്കുമ്പോഴാണ് പുതിയ കഥകള്‍ ഉണ്ടാവുന്നത്. ഫസലിന്റെ രണ്ടു സഹോദരന്‍മാരെ സിപിഎം സ്വാധീനിച്ചതിന്റെ ഫലമാണ് ഇവരുടെ ഇടപെടലുകളെന്നും മറിയു മാധ്യമങ്ങളോടു പറഞ്ഞു.
Next Story

RELATED STORIES

Share it