സിബിഐ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: സിബിഐ തലപ്പത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധ നിയമനങ്ങള്‍ക്കെതിരേ സിബിഐ ആസ്ഥാനത്തേക്കു പ്രതിപക്ഷപ്പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് ലോധി റോഡ് പോലിസ് സ്‌റ്റേഷനിലേക്കു മാറ്റി. ഇതോടെ, രാഹുല്‍ഗാന്ധി പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് നേതാക്കളെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രാഹുല്‍ഗാന്ധി രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി.
റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുടെ പോക്കറ്റില്‍ 30,000 കോടി രൂപ നിക്ഷേപിച്ചുവെന്ന് രാഹുല്‍ പരിഹസിച്ചു. വ്യോമസേനയില്‍ നിന്നു പണം മോഷ്ടിച്ചുവെന്ന് രാജ്യം മുഴുവന്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രധാനമന്ത്രിക്ക് ഓടാം പക്ഷേ, സത്യത്തെ ഒളിപ്പിച്ചുവയ്ക്കാനാവില്ലെന്നും അറസ്റ്റ് വരിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച രാഹുല്‍ പറഞ്ഞു. സിബിഐ ഡയറക്ടറെ മാറ്റിയതുകൊണ്ട് സത്യം മറച്ചു വയ്ക്കാനാവില്ല.
സിബിഐ, തിരഞ്ഞെടുപ്പു കമ്മീഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ മോദിയും ബിജെപിയും ദുരുപയോഗം ചെയ്തു നശിപ്പിക്കുകയാണെന്ന് പ്രതിഷേധ മാര്‍ച്ചിനെ അഭിസംബോധന ചെയ്യവെ രാഹുല്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, അഹ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, എം വീരപ്പമൊയ്‌ലി, എല്‍ജെപി നേതാവ് ശരത് യാദവ്, സിപിഐ നേതാവ് ഡി രാജ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നദീമുല്‍ ഹഖ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. കേന്ദ്ര നീക്കത്തിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടിഡിപി, സിപിഐ തുടങ്ങിയ കക്ഷികള്‍ സംസ്ഥാനത്തെ സിബിഐ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അതേസമയം, റഫേല്‍ ഇടപാടില്‍ രാഹുല്‍ തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it