സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പോലിസ്; റിപോര്‍ട്ട് തള്ളി ഹൈക്കോടതി

കൊച്ചി: ശുഹൈബ് വധക്കേസില്‍ നടത്തിയ അന്വേഷണം വിശദീകരിച്ച് പോലിസ് നല്‍കിയ റിപോര്‍ട്ട് തള്ളി ഹൈക്കോടതി. ഫെബ്രുവരി 12നു രാത്രി 10.15ന് വാഗണ്‍ആര്‍ കാറിലെത്തിയ സംഘം നടത്തിയ ആക്രമണത്തിലാണു ശുഹൈബ് കൊലപ്പെടുന്നത്. ഈ ആക്രമണത്തിന് മുന്‍ ദിവസം എടയന്നൂരില്‍ ശുഹൈബ് അടക്കമുള്ളവര്‍ സിപിഎം പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ് ആക്രമിച്ചിരുന്നതായി പോലിസ് കോടതിയെ അറിയിച്ചു. ഇതില്‍ പോലിസ് കേസെടുത്തിട്ടുണ്ട്്. ഈ ആക്രമണത്തിനു പ്രതികാരമായാണു പ്രതികള്‍ ശുഹൈബിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ ബൈജു ശുഹൈബിന്റെ ആക്രമണത്തിന് ഇരയായിരുന്നു.
ശുഹൈബ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പുലര്‍ച്ചെ 4.54നു തന്നെ കേസെടുത്തിരുന്നതായി പോലിസ് ഹൈക്കോടതിയെ അറിയിച്ചു. 30 വയസ്സില്‍ താഴെ പ്രായംവരുന്ന, ഷര്‍ട്ടും പാന്റ്‌സും ധരിച്ച നാലു പേരാണ് ആക്രമണത്തില്‍ പങ്കെടുത്തിരുന്നത് എന്നാണു പരാതിക്കാരന്‍ പോലിസിനെ അറിയിച്ചത്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ആക്രമണത്തിനു സിപിഎം ഗൂഢാലോചന നടത്തിയെന്നാണു പരാതിക്കാര്‍ പോലിസിനെ അറിയിച്ചത്.
13ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശുഹൈബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഡോഗ് സ്‌ക്വോഡും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും അക്രമസ്ഥലത്ത് പരിശോധന നടത്തി. എട്ടിന് നടത്തിയ റെയ്ഡില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അവരുടെ ഡിഎന്‍എയും മറ്റും ശേഖരിച്ചു. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ ഫലമായി 19നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘത്തില്‍ വനിതാ പോലിസിനെയും ഉള്‍പ്പെടുത്തി. 24ന് മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. വാഗണ്‍ആര്‍ കാറും പിടിച്ചെടുത്തു. 25ന് ഒരാള്‍ കൂടി അറസ്റ്റിലായി. അന്ന് തന്നെ അക്രമികള്‍ ഉപയോഗിച്ച ഒരു ആള്‍ട്ടോ കാറും പിടികൂടി. 28നു രക്തം പുരണ്ട വാള്‍ സംഭവസ്ഥലത്തിന് 2.5 കിലോമീറ്റര്‍ അകലെ നിന്നു പിടിച്ചെടുത്തെങ്കിലും അത് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളായിരുന്നില്ല. മാര്‍ച്ച് ഒന്നിന് മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. ശുഹൈബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച ബൈക്കും അന്നു തന്നെ പിടിച്ചെടുത്തു. ഒരു പ്രതിയുടെ മൊഴി പ്രകാരം ഒരു ബോംബും പിടികൂടി. പോലിസിന് ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയില്‍ കിട്ടി. മറ്റുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് ബൈജുവിനെ പിടികൂടി. ഇയാളുടെ മൊഴി പ്രകാരമാണു രണ്ടു വാളുകളും ഒരു കോടാലിയും കണ്ടെത്തിയത്. വിവിധ ഘട്ടങ്ങളിലായി 11 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണത്തില്‍ യാതൊരു വീഴ്ചയുമില്ലെന്നും നല്ല രീതിയിലാണു നടക്കുന്നതെന്നും പോലിസ് വാദിച്ചു.
ഭരണഘടനയുടെ 226ാം പരിഛേദം പരിശോധിക്കുമ്പോള്‍ സിബിഐയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നും ഡിവിഷന്‍ ബെഞ്ചിനാണ് അധികാരമെന്നും പോലിസ് വാദിച്ചു. ഈ വാദം കോടതി തള്ളി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുകയാണു ശുഹൈബ് കൊലക്കേസിലെ സിബിഐ അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ തമ്മില്‍ പോരടിച്ചുകൊണ്ടിരിക്കുമ്പോഴും നേതൃത്വങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നതു പരസ്യമായ രഹസ്യമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it