സിബിഐ അന്വേഷണം തേടി കുടുംബം വീണ്ടും കോടതിയില്‍

ന്യൂഡല്‍ഹി: 16കാരനായ മതവിദ്യാര്‍ഥി ഹാഫിസ് ജുനൈദിനെ ഓടുന്ന ട്രെയിനില്‍ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യംചെയ്താണു കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിനു ദേശീയതലത്തിലോ, രാജ്യാന്തര തലത്തിലോ യാതൊരു പ്രാധാന്യവുമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് രജന്‍ ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ 27നു സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളിയത്. അന്വേഷണം അട്ടിമറിക്കാനും കേസ് ദുര്‍ബലമാക്കാനും ശ്രമംനടക്കുന്നുണ്ടെന്ന ഹരജിക്കാരുടെ ആരോപണം സാധൂകരിക്കുന്ന ശക്തമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, പൂര്‍ണമായും ഏകപക്ഷീയമായ ഒരു വര്‍ഗീയ കൊലപാതകക്കേസെന്ന പരിഗണന പോലും നല്‍കാതെയാണു കേസ് സിബിഐക്ക് വിടുന്നത് സിംഗിള്‍ ബെഞ്ച് തള്ളിയതെന്നാണു ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയത്. ഹരജി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ എല്ലാ വസ്തുതകളും കോടതി പരിഗണിക്കാത്തത് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കേസിന് ആധാരമായ തെളിവുകള്‍ സമര്‍പ്പിച്ചെങ്കിലും അവയെല്ലാം പരിശോധിക്കാതെയാണു സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത് എന്നീ കാര്യങ്ങളാണ് അഭിഭാഷകനായ അര്‍ശ്ദീപ് സിങ് ചീമ മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. നേരത്തെ പ്രതിഭാഗത്തെ സഹായിക്കുന്ന നിലപാടെടുത്ത ഹരിയാന മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലിന്റെ നിലപാടും പുതിയ ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേസില്‍ സ്വതന്ത്ര അന്വേഷണവും വിചാരണയും നടക്കുമെന്ന കുടുംബത്തിന്റെ പ്രതീക്ഷകളെ ഉലയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും ഇക്കാര്യങ്ങള്‍ കോടതി പരിഗണിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യ പ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകനെ സാക്ഷിവിസ്താരത്തിനിടെ സഹായിച്ച അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗഷിക്കിന്റെ നടപടി വിവാദമായിരുന്നു. കൗഷിക്കിനെ പുറത്താക്കണമെന്നു കേസിന്റെ വിചാരണ നടക്കുന്ന ഫരീദാബാദ് സെഷന്‍ ജഡ്ജി വൈ എസ് റാത്തോഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it