സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും: യുഡിഎഫ്

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നടന്നുവരുന്ന സമരം യുഡിഎഫ് ഏറ്റെടുത്തു. കേസ് സിബിഐക്ക് വിടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിനു പിന്നാലെ ചേര്‍ന്ന യുഡിഎഫിന്റെ അടിയന്തര യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ശുഹൈബിന്റെ ബന്ധുക്കള്‍ വഴി കോടതിയെ സമീപിക്കാനാണു നീക്കം. നിയമസഭയ്ക്കകത്ത് പ്രക്ഷോഭം തുടരും. കണ്ണൂരില്‍ നിരാഹാരമനുഷ്ഠിക്കുന്ന കെ സുധാകരനോടും സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും സമരം അവസാനിപ്പിക്കാനും യോഗം നിര്‍ദേശിച്ചു. നിയമപരമായി നീങ്ങുന്നതിനൊപ്പം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി മാര്‍ച്ച് മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തും. യുഡിഎഫിന്റെ എല്ലാ മുതിര്‍ന്ന നേതാക്കളും സമരത്തില്‍ പങ്കെടുക്കും.
തുടര്‍ന്നു ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കു സമരം വ്യാപിപ്പിക്കും. ടി പി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സിപിഎമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ ശുബൈബ് വധം പരമാവധി ഉപയോഗിക്കാനാണു യുഡിഎഫ് നീക്കം. അതിനിടെ സെക്രേട്ടറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും സി ആര്‍ മഹേഷും നടത്തിവന്ന നിരാഹാരം യുഡിഎഫ് നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ അവസാനിപ്പിച്ചു.  കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. സമരങ്ങളെ പൂര്‍ണമായും തമസ്‌കരിക്കുന്ന സമീപനമാണു സംസ്ഥാന സര്‍ക്കാരിന്റേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന# കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. സിപിഎം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയത്താലാണു സിബിഐ അന്വേഷണം വേണ്ടെന്നു മുഖ്യമന്ത്രി നിലപാട് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it