സിബിഐക്ക് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം

മുംബൈ: സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐയെയും പ്രതിഭാഗം അഭിഭാഷകനെയും വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. കുറ്റാരോപിതരായവര്‍ക്കെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കാത്തതിന് സിബിഐയെയും സിബിഐയുടെ പ്രവര്‍ത്തനം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച പ്രതിഭാഗം അഭിഭാഷകനെയുമാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.‘കേസന്വേഷിക്കുന്ന ഒരു ഏജന്‍സിയുടെ ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്തമാണ് കോടതിയുടെ മുമ്പാകെ മതിയായ തെളിവുകള്‍ ഹാജരാക്കുക എന്ന്’ജസ്റ്റിസ് രേവതി മോഹിത് ദേരേ വിമര്‍ശിച്ചു.
സിബിഐ വിശദാംശങ്ങള്‍ ഹാജരാക്കാത്തതിനാല്‍ പ്രസ്തുത കേസില്‍ ബെഞ്ചിപ്പോഴും അവ്യക്തതയിലാണെന്നും ജസ്റ്റിസ് പറഞ്ഞു. കേസിലെ രേഖയില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ സാക്ഷികളുടെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ കൂറുമാറിയതിന് ഈ മാസം 12നും സിബിഐക്കെതിരേ കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കേസില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥരെ വിട്ടയച്ചതിനെതിരേ സിബിഐയും സുഹ്‌റബുദ്ദീന്റെ സഹോദരനും നല്‍കിയ ഹരജിയില്‍ ഫെബ്രുവരി 9 മുതലായിരുന്നു കോടതി വാദം കേട്ടത്.
കേസില്‍ പരാമര്‍ശിച്ച ഗുജറാത്തിലെയും രാജസ്ഥാനിലെയും രണ്ടു പോലിസ് ഓഫിസര്‍മാരെ കുറ്റവിമുക്തമാക്കിയതിനെതിരേ രണ്ടു ഹരജികളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഗുജറാത്തിലെ മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി ജി വന്‍സാര, രാജസ്ഥാന്‍ ഐപിഎസ് ഓഫിസര്‍ ദിനേശ് എം എന്‍, ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ റായ്കുമാര്‍ പാണ്ടിവന്‍ എന്നിവരെ കുറ്റവിമുക്തമാക്കിയതിനെതിരേയാണ് സുഹ്‌റബുദ്ദീന്റെ സഹോദരന്‍ കോടതിയില്‍ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it