സിബിഐക്ക് കോടതി നോട്ടീസ്‌

ന്യൂഡല്‍ഹി/ചെന്നൈ: തൂത്തുക്കുടി വെടിവയ്പ് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. വിഷയത്തില്‍ പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.  സര്‍ക്കാരിന്റെ വാദം കേള്‍ക്കല്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലിന്റെ അപേക്ഷപ്രകാരം മെയ് 30ലേക്ക് മാറ്റി.
വെടിവയ്പില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പരാതിയില്‍ പറയുന്നു. സിബിഐക്ക് സ്വന്തം നിലയ്ക്ക് കേസ് ഏറ്റെടുക്കാനാവാത്തതിനാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി അയച്ചതായും ഹരജിക്കാരന്‍ പറഞ്ഞു.
പ്രദേശത്തും അയല്‍ ജില്ലകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളടക്കം വിച്ഛേദിച്ചതുമൂലം എന്തു നടക്കുന്നു എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് അറിവില്ലെന്നും ഇവ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചത്.
എന്‍ജിനീയറിങ് കോഴ്‌സിനുള്ള അപേക്ഷകര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു. തിയ്യതി മൂന്നു ദിവസം കൂട്ടി നല്‍കിയെന്നാണ് അഡീഷനല്‍ അക്കൗണ്ടന്റ് ജനറല്‍ ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. അതേസമയം വെടിവയ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മെയ് 28ന് കേള്‍ക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വിക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it