Flash News

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഇനിമുതല്‍ ഫെബ്രുവരിയില്‍



ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തും. ഇതോടെ ഈ അധ്യയനവര്‍ഷത്തെ പൊതുപരീക്ഷ ഫെബ്രുവരി മധ്യത്തില്‍ തുടങ്ങി മാസാവസാനത്തോടെ അവസാനിക്കുന്ന രീതിയിലാവും ടൈംടേബിള്‍ തയ്യാറാക്കുക. മാര്‍ച്ച് രണ്ടാം വാരത്തിലായിരുന്നു സാധാരണനിലയില്‍ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ നടക്കാറുള്ളത്. കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. ഈ തീരുമാനം നടപ്പാക്കാന്‍ കഴിയുകയാണെങ്കില്‍ വലിയ നേട്ടമായിരിക്കുമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ ആര്‍ കെ ചതുര്‍വേദി പറഞ്ഞു. ഏപ്രിലോടെ അവധിക്കാലം തുടങ്ങുകയാണ്. അതോടെ കഴിവുള്ള അധ്യാപകര്‍ അവധിയിലും പ്രവേശിക്കും. ഈ സാഹചര്യത്തില്‍ മാര്‍ച്ച് അവസാനം ആവുമ്പോഴേക്കും മൂല്യനിര്‍ണയത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രസിദ്ധീകരിച്ച 12ാം ക്ലാസ് ഫലത്തില്‍ വ്യാപക പിഴവുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. മാര്‍ക്ക് കൂട്ടുന്നതിലെ പിഴവു കാരണം നിരവധി വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കിയ നിരവധി പേര്‍ക്ക് മാര്‍ക്ക് കൂടുകയുമുണ്ടായി. ഡല്‍ഹി, ചണ്ഡീഗഡ്, മുംബൈ മേഖലകളിലാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കൂടിയതിനാല്‍ ഇതിനായുള്ള അപേക്ഷ കുന്നുകൂടുകയും ചെയ്തു. മൂല്യനിര്‍ണയത്തിലെ അപാകത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജിയും എത്തി. ഈ സാഹചര്യത്തിലാണ് നേരത്തേ പരീക്ഷ നടത്തി കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്. അതേസമയം, ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന രണ്ടു സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it