Flash News

സിബിഎസ്ഇ സ്‌കൂളുകളിലെ നിയമവിരുദ്ധ ടിസി തടയണമെന്ന് ബാലാവകാശ കമ്മീഷന്‍

സിബിഎസ്ഇ സ്‌കൂളുകളിലെ നിയമവിരുദ്ധ ടിസി തടയണമെന്ന് ബാലാവകാശ കമ്മീഷന്‍
X
തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം. സ്‌കൂള്‍ വര്‍ഷം നടക്കെ, കുട്ടികളെ നിര്‍ബന്ധിതമായി വിടുതല്‍ ചെയ്യുന്നതിന് നിയമം അനുവദിക്കുന്നില്ലെന്നിരിക്കെയാണ് പല സ്‌കൂളുകളും പാതി വഴിയില്‍ ടിസി നല്‍കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.



ഈ സാഹചര്യത്തില്‍, പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് കമ്മീഷന്‍ സിബിഎസ്ഇയ്ക്കും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കി. കൊച്ചിയിലെ അസ്സീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്‌കൂളുകളില്‍ നിന്ന് വിവിധ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്. സ്‌കൂളില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു കുട്ടിയെയും ഏതെങ്കിലും ക്ലാസില്‍ തോല്‍പ്പിക്കുകയോ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുന്നതിന് വിദ്യാഭ്യാസാവകാശ നിയമത്തിലെ 16ാം വകുപ്പ് അനുവദിക്കുന്നില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ചില രക്ഷിതാക്കള്‍ സ്‌കൂളിലെ ഫീസ് വര്‍ദ്ധനയോട് സഹകരിക്കാന്‍ കൂട്ടാക്കാത്തതിന്റ പേരിലാണ് കുട്ടികളെ പുറത്താക്കിയത് എന്നാണ് പരാതിക്കാര്‍ ബോധിപ്പിച്ചത്. ഇക്കാര്യം എറണാകുളം മുന്‍സിഫ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ബാലാവകാശ ലംഘനം മാത്രമാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇത്തരം പ്രശ്‌നങ്ങളില്‍ കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ എല്ലാ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകമാകുന്ന പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it