സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചഎബിവിപി നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എബിവിപി നേതാവ് അടക്കം മൂന്നു പേരെ ജാര്‍ഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ എബിവിപി നേതാവ് സതീഷ് പാണ്ഡ്യയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ സതീഷ് നടത്തുന്ന സ്റ്റഡി വിഷന്‍ കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡ്്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണെന്ന് പോലിസ് പറഞ്ഞു.
ജുവനൈല്‍ ആക്റ്റ് പ്രകാരം ഒമ്പതു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരുന്നതായും പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലിസ് സൂപ്രണ്ട് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ എബിവിപി നേതാവ് അടക്കം മൂന്നു പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലാക്കിയിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. സതീഷ് പാണ്ഡ്യ വിദ്യാര്‍ഥികളില്‍ നിന്നു പണം വാങ്ങി ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കുകയായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി അഖിലേഷ് ബി വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എബിവിപിയുടെ ഛാത്ര ജില്ലാ കോ-ഓഡിനേറ്ററാണ് സതീഷ് പാണ്ഡ്യ. അതേസമയം, സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ അഖിലേന്ത്യാ കൂട്ടായ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.അതേസമയം, സിബിഎസ്‌സി ഹിന്ദി  ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോര്‍ഡ് അറിയിച്ചു.
ഏപ്രില്‍ രണ്ടിന് നടക്കാനിരിക്കുന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മുന്‍വര്‍ഷത്തെ ചോദ്യപേപ്പറാണെന്നും സിബിഎസ്‌സി അറിയിച്ചു.
Next Story

RELATED STORIES

Share it