സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന അക്കൗണ്ടന്‍സി പേപ്പറാണ് വാട്‌സ്ആപ്പ് വഴി ചോര്‍ന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന കാര്യം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ സിബിഎസ്ഇയുടെ സെറ്റ് 2 പേപ്പറുമായി യോജിച്ചതാണെന്ന് സിസോദിയ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചോദ്യപേപ്പറും സിബിഎസ്ഇയുടെ സെറ്റ് രണ്ടിലെ പേപ്പറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചുവെന്നും സിസോദിയ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും പരാതി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ അശ്രദ്ധ മൂലം ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ല. അതിനാല്‍ ഏറ്റവും വേഗത്തില്‍ നടപടിയെടുക്കണമെന്നും സിസോദിയ വ്യക്തമാക്കി. ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ വാട്‌സ്ആപ്പിലും മറ്റു സോഷ്യല്‍ മീഡിയയിലുമായി ചോദ്യപേപ്പര്‍ പ്രചരിച്ചത്.
അതേസമയം, ഇന്നലെ രാവിലെ സിബിഎസ്ഇ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും എല്ലാ പരീക്ഷാകേന്ദ്രങ്ങളിലെയും ചോദ്യപേപ്പറുകള്‍ മുദ്രവച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നതെന്നുമാണ് സിബിഎസ്ഇ അറിയിച്ചത്. എന്നാല്‍, പരീക്ഷയുടെ പവിത്രത നശിപ്പിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രാദേശികതലത്തില്‍ ചില സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹികദ്രോഹികള്‍ ശ്രമിച്ചിട്ടുണ്ടെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ ആരോപിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. എന്നാല്‍, കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചോദ്യപേപ്പറും ഇന്നലെ നടന്ന സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പറും സമാനമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it