സിബിഎസ്ഇ ചോദ്യച്ചോര്‍ച്ച അധികൃതര്‍ നേരത്തേ അറിഞ്ഞു

ന്യൂഡല്‍ഹി: ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് പരീക്ഷ നടക്കുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ സിബിഎസ്ഇ അധികൃതരും പോലിസും അറിഞ്ഞിരുന്നതായി രേഖകള്‍. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇതുസംബന്ധമായ വിവരമുള്ളത്. സംഭവത്തില്‍ ഡല്‍ഹിയിലെ സ്വകാര്യ കോച്ചിങ് സെന്റര്‍ മേധാവി പിടിയിലായിട്ടുണ്ട്. ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന വിക്കി എന്നയാളെയാണ് ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തത്.
റദ്ദാക്കിയ ഇക്കണോമിക്‌സ് പരീക്ഷയുടെ രണ്ടു ദിവസം മുമ്പുതന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പോലിസിന് അറിയാമായിരുന്നുവെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. 23ാം തിയ്യതി സിബിഎസ്ഇക്ക് കിട്ടിയ ഒരു അജ്ഞാത ഫാക്‌സ് സന്ദേശത്തില്‍ ചോര്‍ച്ചയെക്കുറിച്ച് പരാതി നല്‍കിയിരുന്നു. ഇതിലാണ് വിക്കിയുടെ പേര് പരാമര്‍ശിച്ചിരുന്നത്. പ്രദേശത്തെ രണ്ടു സ്‌കൂളുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ത്തിയതില്‍ പങ്കുണ്ടെന്ന് സിബിഎസ്ഇക്ക് അജ്ഞാതന്‍ അയച്ച പരാതിയില്‍ വെളിപ്പെടുത്തി. പരാതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഫാക്‌സ്, ന്യൂഡല്‍ഹിയിലെ സിബിഎസ്ഇയുടെ മേഖലാ ഓഫിസിലേക്ക് അയച്ചിരുന്നു. അതേദിവസം തന്നെ മേഖലാ ഓഫിസ് ഇതുസംബന്ധിച്ച പരാതി ഡല്‍ഹി പോലിസിന് കൈമാറി. 20 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിന് മുമ്പുതന്നെ ചോര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അറിഞ്ഞിട്ടും അത് റദ്ദാക്കാന്‍ തയ്യാറായില്ലെന്നാണ് വ്യക്തമാവുന്നത്.
വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയ 11 വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ മൊത്തം 25 പേരെ ഇന്നലെ പോലിസ് ചോദ്യം ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ന്ന പത്താം ക്ലാസ് ഗണിത പരീക്ഷയുടെയും 12ാം ക്ലാസ് സാമ്പത്തികശാസ്ത്രത്തിന്റെയും പുനപ്പരീക്ഷാ തിയ്യതി സിബിഎസ്ഇ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
അതേസമയം, വീണ്ടും പരീക്ഷ നടത്താനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. തങ്ങളുടെ ജീവിതം പന്താടുന്ന നടപടി അധികൃതര്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്നലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധിക്കാനെത്തിയത്.
Next Story

RELATED STORIES

Share it