സിബിഎസ്ഇസംസ്ഥാന സിലബസില്‍ പ്ലസ്‌വണിന് അപേക്ഷിക്കാന്‍ ഈ മാസം 31 വരെ സമയം

കൊച്ചി: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് സംസ്ഥാന സിലബസില്‍ പ്ലസ് വണിന് അപേക്ഷ നല്‍കാന്‍ ഈ മാസം 31 വരെ സമയം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സിബിഎസ്ഇ പരീക്ഷാഫലം വന്ന ഇന്നലെ മുതല്‍ മൂന്നു പ്രവൃത്തിദിനം നല്‍കണമെന്നാണു സിംഗിള്‍ബെഞ്ച് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി ഈ മാസം 18 ആയിരുന്നു. ഇതു പിന്നീട് 30വരെയാക്കി. ഇതാണ് ഹൈക്കോടതി 31 വരെയാക്കിയിരിക്കുന്നത്.
സിബിഎസ്ഇ സിലബസില്‍ 10ാം ക്ലാസ് വരെ മാത്രം പഠിപ്പിക്കുന്ന ഏതാനും സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ബെഞ്ച് വിധി.
സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിക്കാത്തതിനാല്‍ സംസ്ഥാന സിലബസില്‍ പ്ലസ്‌വണിന് അപേക്ഷ നല്‍കാന്‍ കഴിയാതെ കുട്ടികള്‍ ബുദ്ധിമുട്ടുകയാണെന്ന് ഹരജിക്കാര്‍ വാദിച്ചു. മുന്‍വര്‍ഷം ഹൈക്കോടതി രണ്ടുദിവസം സമയം കൂടുതലായി അനുവദിച്ചിരുന്നു. ഈ വിധി പരിഗണിക്കാതെയാണ് വിദ്യാഭ്യാസവകുപ്പ് ഈ വര്‍ഷം തിയ്യതി നിശ്ചയിച്ചതെന്നും ഹരജിക്കാര്‍ വാദിച്ചു. ഈ വാദം പരിഗണിച്ചാണ് മൂന്നുദിവസം കൂടി ഹൈക്കോടതി അനുവദിച്ചത്.
Next Story

RELATED STORIES

Share it