Pathanamthitta local

സിപിഐ-സിപിഎം തര്‍ക്കം: പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ ആക്രമണം

തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് അംഗത്തിന്റെ വീട്ടില്‍ അക്രമം നടത്തിയതായി പരാതി. സിപിഐ പ്രതിനിധിയായ വിമലാ രാമചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് അക്രമണം നടത്തിയത്. വീടിന്റെ പ്രധാന കതകില്‍ വടിവാള്‍ വെച്ച് വെട്ടുകയും ബൈക്കിന്റെ കണ്ണാടി തകര്‍ക്കുകയും സീറ്റ് വലിച്ചു കീറുകയും ചെയ്തു. ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
സിപിഎം ലോക്കല്‍ കമ്മറ്റി  ഓഫിസ് കെട്ടിട നിര്‍മാണ ഫണ്ട് പരിവിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് 28 ന് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ഇരതോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. പുളിക്കീഴ് പോലിസ് ഇതുവരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമവുമായി സിപിഎം പ്രവര്‍ത്തകര്‍ക്കു പങ്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് പറഞ്ഞു.
ഈ വിഷയം ചര്‍ച്ച ചെയ്യാനായി പഞ്ചായത്ത് ഭരണസമതി ചൊവ്വാഴ്ച യോഗം ചേരും. അക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എ പി ജയന്‍ ഉദ്ഘാടനം ചെയ്തു. ഷീജ സമദ് അധ്യക്ഷത വഹിച്ചു. സിപിഐ അംഗത്തിന്റെ പിന്തുണ നഷ്ടമായാല്‍ ഭരണം പ്രതിസന്ധിയിലാകും. സിപിഐ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ക്കാന്‍ ചിലര്‍ മനപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ്  അക്രമത്തിനു പിന്നിലെന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം ജെ അച്ചന്‍കുഞ്ഞ് പറഞ്ഞു.
Next Story

RELATED STORIES

Share it