malappuram local

സിപിഐ സംസ്ഥാന സമ്മേളനത്തിലും കാനം-ഇസ്്മായില്‍ പക്ഷങ്ങള്‍ ഏറ്റുമുട്ടും

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: ഇന്ന് മലപ്പുറത്ത് ആരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം രൂക്ഷമായ അഭിപ്രായ ഭിന്നതകൊണ്ടും പാര്‍ട്ടിയിലെ വിഭാഗീയത കൊണ്ടും മുഖരിതമാവുമെന്ന് തീര്‍ച്ച. കാനത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനു ഭീഷണി ഉയരില്ലെങ്കിലും പാര്‍ട്ടിയിലെ കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷം ഔദ്യോഗിക നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം തന്നെ ഉയര്‍ത്തും. കഴിഞ്ഞ തവണ ജില്ലാ തിരഞ്ഞെടുപ്പുകളില്‍ കെ ഇ ഇസ്മയിലിനോടൊപ്പം നാല് ജില്ലാ കമ്മിറ്റികളാണ് നിലയുറപ്പിച്ചിരുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാംകുളം, കോഴിക്കോട് എന്നിവയായിരുന്നു അവ. ഇവയിലെ ചിലത് കാനം പക്ഷം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കെ ഇ ഇസ്മയിലും കൂടുതല്‍ ശക്തനായി എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. കോഴിക്കോട്, എറണാംകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായും കെഇയോടൊപ്പമാണ്. അതിനു പുറമെ കൊല്ലം, തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ജില്ലാ കൗണ്‍സിലിലെ പകുതി അംഗങ്ങളെങ്കിലും കെഇയെ പിന്തുണക്കുന്നവരായുണ്ട്. പാര്‍ട്ടി നയങ്ങളില്‍ അസംതൃപ്തരായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, സി എന്‍ ചന്ദ്രന്‍, കെ എസ് സുപാല്‍ എന്നിവരെല്ലാം കെഇയോടൊപ്പം നില്‍ക്കുമെന്നാണ് സൂചന. തോമസ് ചാണ്ടി വിഷയത്തിലും മന്ത്രിസഭാ ബഹിഷ്‌കരണ വിഷയത്തിലും പാര്‍ട്ടി നിലപാടിനെതിരേ കെഇ ഇസ്മയില്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ദേശീയ നേതൃത്വത്തെ ഇടപെടുവിച്ച് ഇസ്മയിലിനെ എല്‍ഡിഎഫ് യോഗങ്ങളില്‍ സിപിഐ പ്രതിനിധിയായി പങ്കെടുക്കുന്നതില്‍നിന്ന് വിലക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. കെഇയെ ഒതുക്കാന്‍ കാനവും കൂട്ടരും രംഗത്തുവന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. കഴിഞ്ഞ തവണത്തെ കോട്ടയം സമ്മേളനത്തില്‍ കെഇ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയ്യാറായതായിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് അദ്ദേഹം പിന്മാറിയത്. എന്നാല്‍, തന്നെയും കൂടെയുള്ളവരേയും ഔദ്യോഗിക നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഇസ്മയിലിനു ശക്തമായി തന്നെയുണ്ട്. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം പിന്തുണയോടെ സിപിഐ സമ്മേളനത്തില്‍ കെഇ ഇസ്മയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി തന്നെ രംഗത്തു വരുമെന്നാണു പാര്‍ട്ടിയിലെ അസംതൃപ്തരുടെ വിലയിരുത്തല്‍. ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത പ്രകടമായിരുന്നു. വയനാട്ടില്‍ ജില്ലാ സെക്രട്ടറിയായി ഔദ്യോഗിക പക്ഷം അവരോധിക്കാനിരുന്ന ആളെ ഇസ്മായീല്‍ പക്ഷം തോല്‍പിച്ചു. കെഇയുടെ തട്ടകമായ പാലക്കാട്ടും രണ്ടുപേരെ ഔദ്യോഗിക പാനലിനെതിരേ ജയിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എറണാംകുളത്തും കടുത്ത മല്‍സരമാണു നടന്നത്. മലപ്പുറത്തും നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് മല്‍സരം ഇല്ലാതായത്. ഒരാഴ്ച മുമ്പ് പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ തിരുവനന്തപുരത്ത് കെ ഇ ഇസ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയതായി പ്രചാരണമുണ്ട്. സിപിഐ മുന്നണി മര്യാദ ലംഘിച്ച് സിപിഎമ്മിനെ നിരന്തരം പ്രതിന്ധിയിലാക്കുന്നുവെന്ന ഗുരുതരമായ ആരോപണം സമ്മേളനത്തില്‍ ഉയരുമെന്ന് തീര്‍ച്ചയാണ്. 545 അംഗ സംസ്ഥാന കൗണ്‍സിലില്‍ 150 പേരുടേയെങ്കിലും പിന്തുണ ഇസ്മയിലിനുണ്ടെന്നാണ് അനുമാനം. സംസ്ഥാന കമ്മിറ്റിയില്‍ നിന്നു ഇസ്മയില്‍ അനുകൂലികളെ ഒഴിവാക്കാന്‍ കാനം പക്ഷം തുനിഞ്ഞാല്‍ വലിയൊരു വിഭാഗം ഔദ്യോഗിക പാനലിനെതിരേ മല്‍സരിക്കാനെത്തുമെന്നും അറിയുന്നു. മലപ്പുറം സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് മല്‍സരം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് മുതിര്‍ന്ന നേതാവ് തേജസിനോട് പറഞ്ഞത്. പാര്‍ട്ടിയില്‍ കാനം പക്ഷവും കെ ഇ ഇസ്മയില്‍ പക്ഷവും സജീവമാണെന്ന് ദേശീയ നേതൃത്വത്തിനും അറിയാം. അതിനാല്‍ തന്നെ അതിരുവിട്ട ചര്‍ച്ചകളും വിമര്‍ശനങ്ങളും മല്‍സരവും ഒഴിവാക്കാന്‍ അവര്‍ നിരന്തരം ഇടപെടുമെന്ന് ഉറപ്പാണ്.
Next Story

RELATED STORIES

Share it