സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു

കെ എം അക്ബര്‍
ചാവക്കാട്: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു. 96 അംഗങ്ങളുള്ള സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ മുസ്‌ലിം പ്രാതിനിധ്യം വെറും മൂന്ന്. മുന്‍ മന്ത്രി കെ ഇ ഇസ്മായില്‍, ഒ പി എ സലാം (കോട്ടയം), പി പി സുനീര്‍ (മലപ്പുറം) എന്നിവരാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ ഇടം നേടിയ മുസ്്‌ലിംകള്‍. 10 അംഗങ്ങളുള്ള കാന്‍ഡിഡേറ്റിലും ഒമ്പത് അംഗങ്ങളുള്ള കണ്‍ട്രോള്‍ കമ്മീഷനിലും മുസ്്‌ലിംകളായി ആരുമില്ല.
കഴിഞ്ഞദിവസം മലപ്പുറത്തു നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണു സംസ്ഥാന കൗണ്‍സില്‍, കാന്‍ഡിഡേറ്റ്, കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ അഞ്ചു പേരുടെ മുസ്‌ലിം പ്രാതിനിധ്യം സംസ്ഥാന കൗണ്‍സിലിലുണ്ടായിരുന്നു. ഇപ്പോഴത്തെ മൂന്നംഗങ്ങളെ കൂടാതെ കെ കെ അശ്‌റഫ് (എറണാകുളം), എ ഫസലുദ്ദീന്‍ ഹഖ് (കൊല്ലം) എന്നിവരായിരുന്നു കഴിഞ്ഞ സംസ്ഥാന കൗ ണ്‍സിലിലെ മുസ്്‌ലിംകള്‍. എന്നാല്‍ രണ്ടു പേരും ഇത്തവണ പുറത്തായി.
പുതിയ കമ്മിറ്റിയില്‍ എട്ടു വനിതകളുള്‍പ്പെടെ 25 പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞയാഴ്ച തൃശൂരില്‍ സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ആറു അംഗങ്ങളായിരുന്നു മുസ്‌ലിംകളായി ഉള്‍പ്പെട്ടിരുന്നത്.
എളമരം കരീം, പി കെ സൈനബ, എ സി മൊയ്തീന്‍, പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, ആര്‍ നാസര്‍ എന്നിവരാണു സിപിഎം സംസ്ഥാന കമ്മിറ്റിയിലെ മുസ്്‌ലിംകള്‍. ആകെ 87 അംഗങ്ങളാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലുള്ളത്. മുസ്്‌ലിംകളെ പാര്‍ട്ടി ഭാരവാഹി പട്ടികയില്‍ നിന്ന് സിപിഎം ഒഴിവാക്കുകയാണെന്നാരോപിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവന നേരത്തെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
മുസ്്‌ലിം സംരക്ഷകരാണെന്ന പ്രചാരണം നടത്തുകയും പാര്‍ട്ടി ഭാരവാഹി പട്ടികയില്‍ മുസ്‌ലിംകളായ അംഗങ്ങള്‍ക്കു വേണ്ടത്ര പരിഗണ നല്‍കാതിരിക്കുകയും ചെയ്യുന്ന സിപിഎം-സിപിഐ നിലപാടുകള്‍ക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തകരടക്കമുള്ളവര്‍ സമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ  വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Next Story

RELATED STORIES

Share it