സിപിഐ വഴങ്ങി; രാജ്യസഭാ സീറ്റില്‍ സിപിഎം മല്‍സരിക്കും

തിരുവനന്തപുരം: ഇടതുമുന്നണിക്ക് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റില്‍ സിപിഎം മല്‍സരിക്കും. സിപിഐയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. അടുത്ത് ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്ന് സിപിഎം നിര്‍ദേശിച്ചതോടെ സിപിഐ വഴങ്ങുകയായിരുന്നു. കൊല്ലത്ത് നിന്നുള്ള അഡ്വ. കെ സോമപ്രസാദാണ് സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുക.
രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ സമവായത്തിലെത്താനായതിലൂടെ വലിയൊരു പ്രതിസന്ധിയാണ് സിപിഎമ്മിന് ഒഴിഞ്ഞത്. ചര്‍ച്ചയുടെ തുടക്കത്തില്‍ സിപിഐ നേതൃത്വം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിനിധിയെ രാജ്യസഭയിലെത്തിക്കണമെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയതോടെ സിപിഐ നേതൃത്വത്തിനു വഴങ്ങേണ്ടി വരികയായിരുന്നു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ് കെ സോമപ്രസാദ്. മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ സോമപ്രസാദ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഒരെണ്ണമാണ് നിയമസഭയിലെ അംഗബലമനുസരിച്ച് ഇടതുമുന്നണിക്ക് ലഭിക്കുക. സ്ഥാനമൊഴിയുന്ന എംപിമാരില്‍ കെ എന്‍ ബാലഗോപാലും ടി എന്‍ സീമയും സിപിഎം അംഗങ്ങളായതിനാല്‍ ഒഴിവ്‌വരുന്ന സീറ്റ് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നായിരുന്നു സിപിഎം നിലപാട്.
അതേസമയം, എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും ഇന്നലത്തെ ഉഭയകക്ഷി യോഗത്തില്‍ നടന്നു. ആര്‍എസ്പി മുന്നണി വിട്ടതിലൂടെ ഒഴിവുവന്ന സീറ്റുകള്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്നതില്‍ സിപിഐക്ക് പ്രാതിനിധ്യം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it